X

കൊല്‍ക്കത്തയില്‍ വീണ്ടും പാലം തകര്‍ന്നു: നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

ദക്ഷിണ കൊല്‍ക്കത്തയിലെ ഡയമണ്ട് ഹാര്‍ബര്‍ റോഡിലുള്ള മാജര്‍ഹാട് പാലമാണ് ഇന്ന് വൈകീട്ട് തകര്‍ന്നുവീണത്.

കൊല്‍ക്കത്തയില്‍ വലിയ പാലങ്ങളിലൊന്ന് തകര്‍ന്ന് നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു. ആറ് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ദക്ഷിണ കൊല്‍ക്കത്തയിലെ ഡയമണ്ട് ഹാര്‍ബര്‍ റോഡിലുള്ള മാജര്‍ഹാട് പാലമാണ് ഇന്ന് വൈകീട്ട് 4.45ഓടെ തകര്‍ന്നുവീണത്. കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. പലരേയും നിര്‍മ്മാണ തൊഴിലാളികള്‍ രക്ഷപ്പെടുത്തിയതായി സംഭവസ്ഥലത്തുണ്ടായിരുന്നവരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പൊലീസിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും നിലവില്‍ ഡാര്‍ജിലിംഗിലുള്ള മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. രക്ഷാപ്രവര്‍ത്തനം കഴിഞ്ഞ ശേഷം പാലത്തിന്റെ തകര്‍ച്ചയുടെ കാരണം സര്‍ക്കാര്‍ പരിശോധിക്കുമെന്നും മമത വ്യക്തമാക്കി. ഇന്ന് വിമാനമില്ലാത്തതിനാല്‍ ഡാര്‍ജിലിംഗില്‍ നിന്ന് കൊല്‍ക്കതതയിലേയ്ക്ക് മടങ്ങാന്‍ നിവൃത്തിയില്ല എന്നാണ് മമത പറയുന്നത്.

2016 മാര്‍ച്ച് 31നാണ് ഇതിന് മുമ്പ് പാലം തകര്‍ന്ന് കൊല്‍ക്കത്തയില്‍ വലിയ ദുരന്തമുണ്ടായത്. ബുരാബസാറില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്ന് 27 പേര്‍ മരിക്കുകയും 80ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

This post was last modified on September 4, 2018 7:02 pm