X

ശബരിമല: അധികം വൈകാതെ നല്ല വാര്‍ത്ത കേള്‍ക്കാമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദ്മകുമാര്‍

തീര്‍ത്ഥാടകര്‍ക്ക് ശാന്തമായി ദര്‍ശനം നടത്താന്‍ ആവശ്യമായ അന്തരീക്ഷം ഉണ്ടാക്കുന്നതിനായി ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും രാഷ്ട്രീയ താല്‍പര്യത്തിന് ക്ഷേത്രങ്ങളെ ഉപയോഗിക്കരുതെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

ശബരിമല പ്രശ്‌നത്തില്‍ അധികം വൈകാതെ നല്ല വാര്‍ത്തകള്‍ കേള്‍ക്കാമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. ശബരിമലയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരമുണ്ടാകും. ആചാര സംരക്ഷണ സമിതി, സംഘപരിവാര്‍, ബിജെപി സംഘടനകളുമായും ശബരിമല ആചാര സംരക്ഷണ സമിതിയുമായും ചര്‍ച്ചകള്‍ നടത്തിവരുകയാണ്. ഒരോ സംഘടനകളുമായും ഒറ്റയ്‌ക്കൊറ്റയ്ക്കാണ് ചര്‍ച്ച നടത്തുന്നത്. ഈ ചര്‍ച്ചകള്‍ വിജയിച്ചാല്‍ കൂട്ടായ ചര്‍ച്ചകള്‍ നടത്തുമെന്നും പദ്മകുമാര്‍ പറഞ്ഞു.

തീര്‍ത്ഥാടകര്‍ക്ക് ശാന്തമായി ദര്‍ശനം നടത്താന്‍ ആവശ്യമായ അന്തരീക്ഷം ഉണ്ടാക്കുന്നതിനായി ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും എ പദ്മകുമാര്‍ പറഞ്ഞു. രാഷ്ട്രീയ താല്‍പര്യത്തിന് ക്ഷേത്രങ്ങളെ ഉപയോഗിക്കരുതെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. സന്നിധാനത്ത് പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇരുമ്പ് ബാരിക്കേഡുകള്‍ മഹാകാണിക്ക അര്‍പ്പിക്കുന്നതിനും പ്രസാദം വാങ്ങാന്‍ പോകുന്നതിനും വാവര് സാമിയെ തൊഴുന്നതിനും ഭക്തര്‍ക്ക് തടസമുണ്ടാക്കുന്നതായും പദ്മകുമാര്‍ കുറ്റപ്പെടുത്തി. ഇത് വരുമാനത്തെ ബാധിച്ചു. ഡിജിപിയെ കണ്ട് ആവശ്യപ്പെട്ടെങ്കിലും ബാരിക്കേഡ് മാറ്റാന്‍ തയ്യാറായില്ല. അതേസമയം നിരോധനാജ്ഞ നീട്ടിയതില്‍ ദേവസ്വം ബോര്‍ഡിന് പങ്കില്ലെന്നും പദ്മകുമാര്‍ പറഞ്ഞു.