X

ക്ഷേത്രത്തില്‍ എപ്പോള്‍ പോകണമെന്ന് സ്ത്രീകള്‍ക്കറിയാം, ശബരിമല വിധിയില്‍ സുപ്രീംകോടതിയെ കുറ്റം പറയില്ല: ഉമ ഭാരതി

"ഇത്തരമൊരു ആവശ്യവുമായി ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ കോടതിക്ക് അതിന്റെ നിലപാട് വ്യക്തമാക്കേണ്ടി വരും. ഇത്തരത്തില്‍ കോടതിയെ സമീപിക്കുന്നതില്‍ നിന്ന് ആരെയും വിലക്കാന്‍ കോടതിക്ക് കഴിയുകയുമില്ല".

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരെ കേരളത്തില്‍ ബിജെപി ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകവെ ഇക്കാര്യത്തില്‍ സുപ്രീം കോടതിയെ താന്‍ കുറ്റപ്പെടുത്തില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ ഉമ ഭാരതി. കോടതി സ്വമേധയാ ഇടപെടുകയല്ല ചെയ്തത്. ഇത്തരമൊരു ആവശ്യവുമായി ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ കോടതിക്ക് അതിന്റെ നിലപാട് വ്യക്തമാക്കേണ്ടി വരും. ഇത്തരത്തില്‍ കോടതിയെ സമീപിക്കുന്നതില്‍ നിന്ന് ആരെയും വിലക്കാന്‍ കോടതിക്ക് കഴിയുകയുമില്ല – ദ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഉമ ഭാരതി പറയുന്നു.

നടപ്പാക്കാന്‍ കഴിയുന്ന വിധികള്‍ മാത്രമേ കോടതികള്‍ പുറപ്പെടുവിക്കാവൂ എന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് ഉമ ഭാരതി ഇക്കാര്യം പറയുന്നത്. കോടതിയെ സമീപിക്കുന്നവരുടെ കാര്യമായിരിക്കും അമിത് ഷാ ഉദ്ദേശിച്ചത് എന്നാണ് ഉമ ഭാരതി പറഞ്ഞത്. അതേസമയം വിശ്വാസമുള്ളവരേ ശബരിമല ക്ഷേത്രത്തില്‍ പോകാവൂ എന്നും അതൊരു പിക്‌നിക് കേന്ദ്രമല്ല എന്നും ഉമ ഭാരതി പറഞ്ഞു. എപ്പോള്‍ ക്ഷേത്രത്തില്‍ പോകണമെന്ന് സ്ത്രീകളെ ആരും പറഞ്ഞുപഠിപ്പിക്കേണ്ടതില്ല. അത് ഓരോരുത്തരുടേയും വ്യക്തിപരമായ വിശ്വാസത്തിന്റെ പ്രശ്‌നമാണ്. സ്ത്രീകള്‍ സ്വയം നിയന്ത്രണമേര്‍പ്പെടുത്തണമെന്നാണ് എന്റെ അഭിപ്രായം – ഉമ ഭാരതി പറഞ്ഞു.

ബാബറി മസ്ജിദ് തകര്‍ത്ത കേസിലടക്കം പ്രതിയായിരുന്ന ഉമ ഭാരതി, തീവ്ര ഹിന്ദുത്വ നിലപാടുകള്‍ കൊണ്ട് ഒരു കാലത്ത് ശ്രദ്ധേയയായിരുന്നു. അയോധ്യയിലെ ഭൂമി തര്‍ക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസും ഇടതുപക്ഷവും അടക്കമുള്ള പ്രതിപക്ഷ കക്ഷികളെല്ലാം ചര്‍ച്ചയ്ക്ക് തയ്യാറായി രംഗത്തുവരണമെന്നും എല്ലാവരും ധാരണയിലെത്തി രാമ ക്ഷേത്രം യാഥാര്‍ത്ഥ്യമാക്കണമെന്നും ഉമ ഭാരതി ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, മായാവതി, അഖിലേഷ് യാദവ്, മമത ബാനര്‍ജി – എല്ലാവരേയും ചര്‍ച്ചകള്‍ക്കായി ക്ഷണിക്കുന്നു. ബിജെപി അയോധ്യയെ തിരഞ്ഞെടുപ്പ് വിഷയമായി കാണുന്നില്ലെന്നും തിരഞ്ഞെടുപ്പിന് മുമ്പായി കേസ് സുപ്രീം കോടതിയുടെ പരിഗണനയില്‍ വന്നത് യാദൃശ്ചികമാണെന്നും ഉമ ഭാരതി പറഞ്ഞു. ഗംഗ ശുചീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി മന്ത്രി സ്ഥാനം രാജി വയ്ക്കാന്‍ ആഗ്രഹമുണ്ടെന്ന് പ്രത്യേക ഗംഗാ ശുചീകരണ വകുപ്പും ജലവിഭവ വകുപ്പും കൈകാര്യം ചെയ്യുന്ന ഉമ ഭാരതി പറഞ്ഞു, എന്നാല്‍ എനിക്ക് ഇതുവരെ അതിന് അനുമതി കിട്ടിയിട്ടില്ല.

വായനയ്ക്ക്: https://goo.gl/HTWw7F

This post was last modified on November 1, 2018 2:05 pm