അയോധ്യ ബാബറി ഭൂമി തര്‍ക്ക കേസില്‍ ഉടന്‍ വാദം കേള്‍ക്കാന്‍ പറ്റില്ലെന്ന് സുപ്രീം കോടതി. വേറെ പ്രധാനപ്പെട്ട ഒരുപാട് കേസുകള്‍ പരിഗണിക്കാനുണ്ടെന്നും ഈ കേസ് പരിഗണിക്കുന്നതിന് യാതൊരു ധൃതിയും ആവശ്യമില്ലെന്നും സുപ്രീം കോടതി ആവര്‍ത്തിച്ച് വ്യക്തമാക്കി. എന്ന് വാദം കേട്ട് തുടങ്ങുമെന്ന് ജനുവരിയില്‍ അറിയിക്കാമെന്നാണ് ഒക്ടോബര്‍ 29ന് കേസ് പരിഗണിച്ച ചീഫ് ജസ്റ്റിന്റെ മൂന്നംഗ ബഞ്ച് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചത്. കേസ് എത്രയും പെട്ടെന്ന് പരിഗണിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ജനുവരിയിലോ ഫെബ്രുവരിയിലോ മാര്‍ച്ചിലോ ആയിരിക്കാം വാദം കേട്ട് തുടങ്ങുന്നത് എന്നും ഏത് ബഞ്ച് വാദം കേള്‍ക്കണം എന്ന് തീരുമാനിക്കും എന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞത്. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ എസ്‌കെ കൗളും കെഎം ജോസഫുമാണ് ബഞ്ചിലുള്ളത്.
അയോധ്യയിലെ തര്‍ക്ക ഭൂമി നിര്‍മോഹി അഘാരയ്ക്കും രാം ലല്ലയ്ക്കും സുന്നി വഖഫ് ബോര്‍ഡിനും മൂന്നായി ഭാഗിക്കാനുള്ള 2010ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ മുസ്ലീം, ഹിന്ദു സംഘടനകള്‍ നല്‍കിയ ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. നേരത്തെ മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ മൂന്നംഗ ബഞ്ച്, കേസ് അഞ്ചംഗ ഭരണഘടനാബഞ്ചിന് വിടാന്‍ വിസമ്മതിച്ചിരുന്നു. 1994ല്‍ ഇസ്മായില്‍ ഫാറൂഖി കേസില്‍ നടത്തിയ മുസ്ലീങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ പള്ളി അനിവാര്യമല്ല എന്ന നിരീക്ഷണം പിന്‍വലിക്കാന്‍ കോടതി വിസമ്മതിച്ചിരുന്നു.
This post was last modified on November 12, 2018 1:02 pm
Leave a Comment