X

ദീപ നിശാന്തിനെതിരെ കേസ് എടുക്കാൻ കോടതി ഉത്തരവ്

നേരത്തെ ദീപ നിഷാന്തിനെതിരെ വധഭീഷണിയടക്കമുള്ള സൈബർ ആക്രമങ്ങൾ ഉണ്ടായിരുന്നു

സമൂഹമാധ്യമങ്ങളിലൂടെ വര്‍ഗീയ കലാപം ഉണ്ടാക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഷെയര്‍ ചെയ്തെന്ന പരാതിയില്‍ കേരള വര്‍മ്മ കോളേജ് അധ്യാപികയും, എഴുത്തുകാരിയുമായ ദീപ നിശാന്തിനെതിരെ തൃശൂര്‍ വെസ്റ്റ് പൊലീസ് കേസെടുത്തതായി ഏഷ്യാനെറ്റ് റിപ്പോട്ട് ചെയ്യുന്നു.  മുളങ്കുന്നത്തുകാവ് സ്വദേശി സുകു സി ആറിൻറെ പരാതിയിലാണ് തൃശൂര് സിജെഎം കോടതി കേസെടുക്കാൻ ഉത്തരവിട്ടത്. ഏപ്രിൽ മാസത്തിൽ കത്വ സംഭവത്തിൻറെ പശ്ചാത്തലത്തില്‍ ദീപ നിശാന്ത് ഫെയ്‌സ്‌ബുക്കിൽ ഷെയർ ചെയ്ത ചില കുറിപ്പുകൾ വലിയ വിവാദങ്ങൾക്കു വഴി തെളിച്ചിരുന്നു.

ഹിന്ദുത്വ ഭീകരതയുമായും നീതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ദീപക് ശങ്കരനാരായണന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് 31 ശതമാനം ഹിന്ദുമതവിശ്വാസികളെയും വെടിവെച്ചു കൊന്ന് രാജ്യത്ത് നീതി നടപ്പാക്കണമെന്ന് ആഹ്വാനം ചെയ്യുന്നതാണ് എന്നു വ്യാഖ്യാനിച്ച് ഹിന്ദുത്വ സംഘടനകള്‍ നേരത്തെ രംഗത്തു വന്നിരുന്നു. ഈ കുറിപ്പ് ദീപ ഷെയര്‍ ചെയ്തതാണ് കേസിനാസ്പദമായ സംഭവം എന്ന് സൂചനയുണ്ട്. ഹിന്ദുമതവിശ്വാസികള്‍ക്കു നേരെയുളള ആക്രമണത്തിനുളള ആഹ്വാനമാണിതെന്നും ഇതിനെതിരെ നടപടി വേണമെന്നുമായിരുന്നു പരാതിക്കാരന്‍റെ വാദം. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് വെസ്റ്റ് എസ്ഐ അറിയിച്ചു.

അതേസമയം കേസ് നിയമപരമായി നേരിടുമെന്ന് ദിപ നിശാന്ത് പ്രതികരിച്ചു. മാധ്യമങ്ങളിലൂടെയാണ് കേസിനെ കുറിച്ച് അറിയുന്നത്, കൂടുതൽ വിശദാംശങ്ങൾ അറിയില്ല. ഭയപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് കരുതുന്നതായും അവർ പ്രതികരിച്ചു. കേസിന്റെ വിശദാംശങ്ങൾ അറിയാൻ അഴിമുഖം തൃശൂർ വെസ്റ്റ് പോലീസിൽ ബന്ധപ്പെട്ടെങ്കിലും അവർ പ്രതികരിക്കാൻ തയ്യാറായില്ല.

നേരത്തെ ദീപ നിഷാന്തിനെതിരെ വധഭീഷണിയടക്കമുള്ള സൈബർ ആക്രമങ്ങൾ അരങ്ങേറുകയും അവരുടെ പരാതിയില്‍ ബിജെപിയുടെ സംസ്ഥാന ഐടി സെല്‍ പ്രവര്‍ത്തകനെ അടക്കം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റ് ചെയ്യപ്പെട്ട ശേഷവും ഇവര്‍ ഭീഷണികള്‍ തുടരുന്നതും സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നിരുന്നു.

നിലപാടിലുറച്ച് ദീപ നിശാന്ത്; ഫാസിസത്തെ പ്രതിരോധിക്കേണ്ടത് ഏവരുടെയും കടമ

This post was last modified on August 11, 2018 8:48 am