X

ദുരിതാശ്വാസ ക്യാമ്പിലേക്ക് 50 പുതപ്പുകൾ സൗജന്യമായി നൽകി മറുനാടൻ കമ്പിളി കച്ചവടക്കാരൻ

ദുരന്തം അറിഞ്ഞതോടെ കയ്യിലുള്ള പുതപ്പ് മുഴുവൻ ദുരിത ബാധിതർക്ക് സൗജന്യം ആയി നൽകാം എന്ന് വിഷ്ണു പറഞ്ഞു.

മാങ്ങോട് നിർമല എൽ പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് 50 കമ്പിളി പുതപ്പ് സൗജന്യമായി നൽകി ഇതര സംസ്ഥാന തൊഴിലാളിയായ കമ്പിളി വിൽപ്പനക്കാരൻ. മധ്യപ്രദേശ് സ്വദേശിയായ വിഷ്ണുവാണ് ദുരിതനിവാരണ പ്രവർത്തങ്ങളിൽ തന്റെ പങ്കു വഹിച്ചു കൊണ്ട് മാതൃകയായത്. ഇരിട്ടി താലൂക്ക് ഓഫീസിൽ കമ്പിളി പുതപ്പുമായി എത്തിയ വിഷ്ണുവിനോട് നാട്ടിലുണ്ടായ ദുരിതം താലൂക്കിലെ ജീവനക്കാർ വിവരിച്ചു.

ദുരന്തം അറിഞ്ഞതോടെ കയ്യിലുള്ള പുതപ്പ് മുഴുവൻ ദുരിത ബാധിതർക്ക് സൗജന്യം ആയി നൽകാം എന്ന് വിഷ്ണു പറഞ്ഞു. ദുരന്തനിവാരണ പ്രവർത്തങ്ങൾ വിലയിരുത്താൻ എത്തിയ കളക്ടർ മീർ മുഹമ്മദ് അലി കമ്പിളി പുതപ്പ് വിഷ്ണുവിൽ നിന്ന് ഏറ്റുവാങ്ങി. വിഷ്ണുവിന് അഭിനന്ദനവും, നന്ദിയും അർപ്പിച്ച് സോഷ്യൽ മീഡിയയിലും ധാരാളം പേര് രംഗത്തെത്തി. ഇതര സംസ്ഥാന തൊഴിലാളികളെ അടിച്ചോടിക്കണം എന്ന് പറയുന്നവർ ഈ നന്മ കാണാതെ പോകരുത് എന്ന് സോഷ്യൽ മീഡിയ പ്രതികരിച്ചു.