X

വ്യാജ വീഡിയോ പ്രചരിപ്പിച്ചതായി പരാതി: കുമ്മനത്തിനെതിരെ കേസെടുത്തു

കണ്ണൂര്‍ ടൗണ്‍ പൊലീസാണ് കേസെടുത്തത്.

കണ്ണൂര്‍ രാമന്തളിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി എന്നാരോപിച്ച് ഇട്ട വീഡിയോയുടെ പേരില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെതിരെ കേസെടുത്തു. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് കേസെടുത്തത്. വ്യാജ വീഡിയോ പ്രചരിപ്പിച്ച് സാമുദായിക സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് കേസ്. വകുപ്പ് 153 (എ) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുമ്മനം പ്രചരിപ്പിച്ച വീഡിയോ പാപ്പിനിശേരിയില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തിന് ശേഷമുണ്ടായ ആഹ്ലാദപ്രകടനമാണെന്നാണ് പൊലീസ് പറയുന്നത്.

ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ യഥാര്‍ത്ഥമാണെന്ന വാദത്തില്‍ ഉറച്ച് കുമ്മനം രാജശേഖരന്‍ രംഗത്തെത്തിയിരുന്നു. കേസെടുക്കുന്നതില്‍ ഭയമില്ലെന്നും ജയിലില്‍ പോകാനും തയ്യാറാണെന്നുമാണ് കുമ്മനം പറയുന്നത്.
കുമ്മനത്തിന്റെ പോസ്റ്റിനെതിരെ എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിറാജ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുകയായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം സിപിഎം പ്രവര്‍ത്തകര്‍ ആഘോഷിക്കുന്നുവെന്ന പേരില്‍ കുമ്മനം വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്നും ഇതുവഴി ആര്‍എസ്എസും സിപിഎമ്മും തമ്മില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. കുമ്മനം പോസ്റ്റ് ചെയ്ത വീഡിയോ നിയമവിരുദ്ധമാണെന്നും ആവശ്യമാണെങ്കില്‍ കേസെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എസ്എഫ്‌ഐ പരാതി നല്‍കുകയും ഇപ്പോള്‍ കേസെടുക്കുകയും ചെയ്തിരിക്കുന്നത്.

This post was last modified on May 17, 2017 8:13 am