X

സിബിഎസ്ഇ റാങ്ക് ജേതാവിനെ കൂട്ടബലാത്സംഗം ചെയ്ത കേസ്: മൂന്ന് പേര്‍ അറസ്റ്റില്‍

കുറ്റകൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയ മുഖ്യ പ്രതി നിഷു, പെൺകുട്ടിയെ ആദ്യം പരിശോധിച്ച ഡോക്ടർ സഞ്ജീവ്, കുറ്റകൃത്യം നടന്ന സ്ഥലത്തിന്‍റെ ഉടമ ദീന്‍ദയാല്‍ എന്നിവരാണ് അറസ്റ്റിലായത്.

ഹരിയാനയില്‍ പത്തൊന്‍പതുകാരിയായ വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ മൂന്ന് പേരെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തു. സിബിഎസ്ഇ റാങ്ക് ജേതാവായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കരസേന ഉദ്യോഗസ്ഥൻ അടക്കമുള്ള മറ്റു രണ്ടു പ്രതികളും ഇപ്പോഴും ഒളിവില്‍ തന്നെയാണ്. മൂന്ന് പേരേയും അറസ്റ്റ് ചെയ്തത് എവിടെ നിന്നൊക്കെയാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. കുറ്റകൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയ മുഖ്യ പ്രതി നിഷു, പെൺകുട്ടിയെ ആദ്യം പരിശോധിച്ച ഡോക്ടർ സഞ്ജീവ്, കുറ്റകൃത്യം നടന്ന സ്ഥലത്തിന്‍റെ ഉടമ ദീന്‍ദയാല്‍ എന്നിവരാണ് അറസ്റ്റിലായത്. നേരത്തേ പ്രതിചേർത്ത മൂന്നുപേരെ കൂടാതെ മറ്റു ചിലരുംകൂടി പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എല്ലാ പ്രതികളുടേയും പ്രായം 20-കളിലാണെന്ന് എസ്.ഐ.ടി തലവനായ നസ്നീൻ ഭാസിൻ പറഞ്ഞു.

പ്രധാന പ്രതികളായ പങ്കജ്, കരസേനാ ഉദ്യോഗസ്ഥന്‍ കൂടിയായ മനിഷ് എന്നിവരിലേക്കെത്താന്‍ നിഷുവിന്‍റെ അറസ്റ്റ് ഉപകരിക്കുമെന്നാണ് അന്വേഷണ സംഘം കണക്കുകൂട്ടുന്നത്. പെൺകുട്ടിയെ പിന്തുടര്‍ന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം നടത്താന്‍ നേതൃത്വം നല്‍കിയത് താനാണെന്ന് പ്രധാന പ്രതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ക്രിമിനല്‍ നിയമത്തിലെ 328, 365, 376-ഡി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് അയാള്‍ക്കെതിരെ കേസേടുത്തിരിക്കുന്നത്.

മുഖ്യപ്രതി വിളിച്ചതുപ്രകാരം സ്ഥലത്തെത്തി പെൺകുട്ടിയെ ആദ്യം പരിശോധിച്ച ഡോക്ടർ സഞ്ജീവ് കുട്ടിയുടെ ബ്ലഡ് പ്രഷറും പള്‍സ് റേറ്റും കുറവാണെന്നും മരിക്കാന്‍ സാധ്യതയുണ്ടെന്നും പ്രതികളോട് പറഞ്ഞിരുന്നു. എന്നാല്‍ മുഖ്യ പ്രതി കുട്ടിയെ ബസ് സ്റ്റാന്‍ന്റില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. സ്ഥലത്തെത്തിയ ഡോക്ടർ അധികൃതരെ വിവരം അറിയിച്ചില്ലെന്നും പകരം കുറ്റകൃത്യത്തിൽ പങ്കുചേരുകയാണു ചെയ്തതെന്നും പോലീസ് പറഞ്ഞു. ബലാത്സംഗം നടത്താനുള്ള സ്ഥലസൗകര്യം ചെയ്തു കൊടുത്തത് ദീന്‍ദയാലാണ്. ഇവരെല്ലാവരും ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ നിന്നുള്ളവരുമാണ്.

This post was last modified on September 17, 2018 2:28 pm