X

സര്‍വകക്ഷി യോഗം വിളിച്ചു, പാക് അധീന കാശ്മീരിലെ ആക്രമണത്തില്‍ മറ്റ് വിഷയങ്ങള്‍ തല്‍ക്കാലം അപ്രസക്തമാക്കി മോദി സര്‍ക്കാര്‍

വിവിധ കക്ഷി നേതാക്കള്‍ ആക്രമണത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തി.

പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താന്‍ അധിനിവേശ കാശ്മീരിലെ ഭീകര കാമ്പുകളെ തകര്‍ത്ത ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണത്തെക്കുറിച്ച് വിശദീകരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. ഇന്ന് വൈകീട്ട് അഞ്ച് മണിക്കാണ് യോഗം. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആണ് സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്.

ജയ്ഷ് ഇ മുഹമ്മദിന്റേയും ലഷ്‌കര്‍ ഇ തയിബയുടേയും ഹിസ്ബുള്‍ മുജാഹിദീന്റെയും കാമ്പുകളിലും ലോഞ്ച് പാഡുകളിലും 1000 കിലോയോളം വരുന്ന ബോംബുകളാണ് 12 മിറാഷ് 2000 യുദ്ധവിമാനങ്ങള്‍ വര്‍ഷിച്ചത്. 200നും 300നുമിടയ്ക്ക് ഭീകരര്‍ കൊല്ലപ്പെട്ടതായാണ് ഇന്ത്യന്‍ വ്യോമസേനയുടെ അവകാശവാദം.

പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഗുരുതരമായ സുരക്ഷാവീഴ്ചയും പ്രധാനമന്ത്രി നരേന്ദ്ര മോദി ആക്രമണം സമയത്ത് ഫോട്ടോ ഷൂട്ട് നടത്തിയെന്ന ആരോപണവും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്ന സാഹചര്യത്തിലാണ് ഇന്ന് പുലര്‍ച്ചെ 3.30നും അഞ്ച് മണിക്കുമിടയില്‍ ഇന്ത്യന്‍ വ്യോമസേന മിന്നലാക്രമണം നടത്തിയത്.

വിവിധ കക്ഷി നേതാക്കള്‍ ആക്രമണത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തി. ഇന്ത്യന്‍ വ്യോമസേന പൈലറ്റുമാര്‍ക്ക് സല്യൂട്ട് എന്നായിരുന്നു കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

ആക്രമണത്തെ സ്വാഗതം ചെയ്യുന്നതായി ബി എസ് പി അധ്യക്ഷയും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായി മായാവതി പറഞ്ഞു. ഇന്ത്യന്‍ വ്യോമസേനയുട ധീരതയ്ക്ക് സല്യൂട്ടും ബഹുമാനവും. പുല്‍വാമ ആക്രമണത്തിന് ശേഷമാണ് മോദി സൈന്യത്തിന് സ്വാതന്ത്ര്യം നല്‍കിയത് എന്നും പത്താന്‍കോട്ടിലും ഉറിയിലും ഭീകരാക്രമണം നടന്നപ്പോള്‍ തന്നെ തിരിച്ചടിച്ചിരുന്നെങ്കില്‍ പുല്‍വാമയില്‍ ഇത്ര ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു എന്ന് മായാവതി അഭിപ്രായപ്പെട്ടു.

This post was last modified on February 26, 2019 7:13 pm