X

“ഞാന്‍ നുണ പറയുകയല്ല, അംബാനിക്ക് റാഫേല്‍ കരാര്‍ നല്‍കിയത് ഇന്ത്യ ഗവണ്‍മെന്റ് പറഞ്ഞിട്ടല്ല”: ദാസോ സിഇഒ

ഞങ്ങളാണ് അംബാനിയെ തിരഞ്ഞെടുത്തത്. റിലൈന്‍സിന് പുറമെ ഞങ്ങള്‍ക്ക് 30 പങ്കാളികളുണ്ട്. ഞാന്‍ കമ്പനി സിഇഒ സ്ഥാനത്തിരുന്നുകൊണ്ട് നുണ പറയുകയല്ല - ട്രാപ്പിയര്‍ പറഞ്ഞു.

റാഫേല്‍ കരാറില്‍ അനില്‍ അംബാനിയുടെ റിലൈന്‍സ് ഡിഫന്‍സിനെ ഓഫ്‌സെറ്റ് പങ്കാളിയാക്കിയത് തങ്ങളുടെ തന്നെ താല്‍പര്യപ്രകാരമാണെന്നും, അല്ലാതെ ഇന്ത്യ ഗവണ്‍മെന്റ് നിര്‍ബന്ധിച്ചിട്ടല്ലെന്നും ആവര്‍ത്തിച്ച് റാഫേല്‍ നിര്‍മ്മാതാക്കളായ ഫ്രഞ്ച് കമ്പനി ദാസോ ഏവിയേഷന്‍. ദാസോ സിഇഒ ഏറിക് ട്രാപ്പിയറാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞത്. ഞങ്ങളാണ് അംബാനിയെ തിരഞ്ഞെടുത്തത്. റിലൈന്‍സിന് പുറമെ ഞങ്ങള്‍ക്ക് 30 പങ്കാളികളുണ്ട്. ഞാന്‍ കമ്പനി സിഇഒ സ്ഥാനത്തിരുന്നുകൊണ്ട് നുണ പറയുകയല്ല – ട്രാപ്പിയര്‍ പറഞ്ഞു. ഫ്രാന്‍സിലെ ഇസ്‌ത്രെ ലേ ടൂബ് എയര്‍ബേസിലാണ് എന്‍ഐയുമായി ട്രാപ്പിയര്‍ സംസാരിച്ചത്. യുപിഎ സര്‍ക്കാരിന്റെ കാലത്തേക്കാള്‍ ഒമ്പത് ശതമാനം വില കുറവാണ് 36 വിമാനങ്ങള്‍ക്കെന്നും ട്രാപ്പിയര്‍ പറഞ്ഞു.

ഇന്ത്യ ഗവണ്‍മെന്റിന്റെ ആവശ്യപ്രകാരമാണ് അനില്‍ അംബാനിയുടെ കമ്പനിയെ ദാസോ പങ്കാളിയാക്കിയത് എന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദ് ഫ്രഞ്ച് മാധ്യമം മീഡിയപാര്‍ട്ടിനോട് പറഞ്ഞതോടെയാണ് വിവാദം കത്തിപ്പടര്‍ന്നതും മോദി സര്‍ക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് മൂര്‍ച്ച കിട്ടുന്നതും. ഇന്ത്യ ചട്ടങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും ഒളാന്ദ് ആദ്യം പറഞ്ഞത് പിന്നീട് തിരുത്തിയിരുന്നതായും ട്രാപ്പിയര്‍ പറഞ്ഞതായി എഎന്‍ഐയും എന്‍ഡിടിവിയും റിപ്പോര്‍ട്ട് ചെയ്യുന്നു. 30,000 കോടി രൂപയുടെ ഓഫ്‌സെറ്റ് കരാറില്‍ റിലൈന്‍സിന് മാത്രമായി പണം ലഭിക്കുകയല്ലെന്നും റിലൈന്‍സും ദാസോയും ചേര്‍ന്ന സംയുക്ത സംരംഭത്തിനാണ് പണം കിട്ടുന്നതും എറിക് ട്രാപ്പിയര്‍ പറഞ്ഞു.

നഷ്ടത്തിലുള്ള അനില്‍ അംബാനിയുടെ കമ്പനിയില്‍ ദാസോ 284 കോടി രൂപയുടെ നിക്ഷേപം നടത്തിയതായി ദ വയറിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. നാഗ്പൂരില്‍ ഭൂമി വാങ്ങുന്നതിനായിരുന്നു ഇത്. ഭൂമി ഉള്ളതുകൊണ്ടാണ് റിലൈന്‍സിനെ പങ്കാളിയാക്കിയത് എന്ന് ട്രാപ്പിയര്‍ നേരത്തെ പറഞ്ഞിരുന്നു. ട്രാപ്പിയര്‍ നുണ പറയുകയാണെന്നും നഷ്ടത്തിലുള്ള കമ്പനിയില്‍ ദാസോ 284 കോടി നിക്ഷേപിച്ചതില്‍ ദുരൂഹതയുണ്ടെന്നും ഇത് കൈക്കൂലിയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംരക്ഷിക്കാനാണ് ട്രാപ്പിയര്‍ നുണ പറയുന്നതെന്നും രാഹുല്‍ പറഞ്ഞിരുന്നു.

റാഫേല്‍: ഫ്രാന്‍സുമായി ചര്‍ച്ച തുടങ്ങിയത് 2015 മേയിലെന്ന് കേന്ദ്രം; “അപ്പോള്‍ 2015 ഏപ്രില്‍ 10ന് മോദി നടത്തിയ പ്രഖ്യാപനം?”

മോദി സര്‍ക്കാര്‍ റാഫേല്‍ വിമാനങ്ങള്‍ വാങ്ങിയത് യുപിഎ കാലത്തേക്കാള്‍ 40% അധികവിലയ്ക്ക്

This post was last modified on November 13, 2018 1:22 pm