X

നരസിംഹ റാവുവിന്റെ വിവാദ ‘ആത്മീയ ഉപദേഷ്ടാവ്’ ചന്ദ്രസ്വാമി നിര്യാതനായി

വിവാദ ആത്മീയ വ്യവസായി ചന്ദ്രസ്വാമി (66) അന്തരിച്ചു. നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിരുന്ന ചന്ദ്രസ്വാമിയെ വിദേശ വിനിമയച്ചട്ടം ലംഘിച്ചതിന് സുപ്രീം കോടതി ശിക്ഷിച്ചിരുന്നു. വൃക്കരോഗം ബാധിച്ച് മുംബൈയിൽ ചികിത്സയിൽ കഴിയുകയായിരുനു. നരസിംഹ റാവു പ്രധാനമന്ത്രിയായിരിക്കെ വിവാദനായകനായി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നയാളാണ് റാവുവിനോടും ഡല്‍ഹിയിലെ അധികാര കേന്ദ്രങ്ങളോടും ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന ചന്ദ്രസ്വാമി. റാവുവിനറെ ആത്മീയ ഉപദേഷ്ടാവയാണ് ചന്ദ്രസ്വാമി അറിയപ്പെട്ടത്. അക്കാലത്ത് നിരവധി അഴിമതി ആരോപണങ്ങളും കേസുകളും ചന്ദ്രസ്വാമിക്കെതിരെ ഉയര്‍ന്നു.

രാജസ്ഥാനിലെ ബെറോറില്‍ ജനിച്ച ചന്ദ്രസ്വാമിയുടെ യഥാർഥ പേര് നേമിചന്ദ് എന്നാണ്. നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിരുന്ന ചന്ദ്രസ്വാമിക്കെതിരെ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് ലംഘിച്ചതിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നു. ചന്ദ്രസ്വാമിയും കൂട്ടാളി വിക്രം സിംഗും കൂടി 1992ൽ 30 ലക്ഷം രൂപ വിലവരുന്ന 10,500 ഡോളർ പ്രകാശ്‌ചന്ദ്ര യാദവ് എന്നൊരാളിൽ നിന്നു റിസർവ് ബാങ്ക് അനുമതി കൂടാതെ വാങ്ങിയെന്നാണു കേസ്.

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകത്തിൽ ചന്ദ്രസ്വാമി ഉൾപ്പെട്ടിരിക്കാമെന്ന് സിബിഐ നിലപാടെടുത്തത് ഒരുകാലത്ത് വിവാദമായിരുന്നു. ‘‘സാഹചര്യത്തെളിവുകളും രേഖകളും ചന്ദ്രസ്വാമിയുടെ നേർക്കും വിരൽചൂണ്ടുന്നു. രാജീവ് ഗാന്ധിവധത്തിൽ ചന്ദ്രസ്വാമിയെ ഗൗരവമായി സംശയിക്കേണ്ടിയിരിക്കുന്നു.’’ – ഡൽഹി അഡീഷനൽ ചീഫ് മെട്രോപ്പൊലിറ്റൻ മജിസ്‌ട്രേട്ട് കോടതിയിൽ സിബിഐ സമർപ്പിച്ച റിപ്പോർട്ടിൽ ഇങ്ങനെയാണ് പറഞ്ഞിരുന്നത്. രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന് പിന്നില്‍ ചന്ദ്രസ്വാമിക്ക് പങ്കുണ്ടെന്ന വിവരമുണ്ടെങ്കില്‍ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല എന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു.

ചന്ദ്രസ്വാമി താമസിച്ചിരുന്ന ഡല്‍ഹിയിലെ കുത്തബ് ഇന്‍സ്റ്റിറ്റിയൂഷണല്‍ മേഖലയിലെ ആശ്രമം അക്കാലത്ത് ഉന്നതരുടെ രഹസ്യയോഗങ്ങളുടെ കേന്ദ്രമായാണ് അറിയപ്പെട്ടിരുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചര്‍, ബ്രൂണെ സുല്‍ത്താന്‍, ബ്രിട്ടീഷ് നടി എലിസബത്ത് ടെയ്‌ലര്‍, ആയുധ ഇടപാടുകാരന്‍ അഡ്‌നാന്‍ ഖാഷോഗി, അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം തുടങ്ങിയവയരുമായൊക്കെ പല ഘട്ടങ്ങളില്‍ സ്വാമി ബന്ധപ്പെട്ടിട്ടുള്ളതായി വാര്‍ത്തകള്‍ വന്നിരുന്നു. 1996ല്‍ ഒരു സാമ്പത്തിക തട്ടിപ്പ് കേസില്‍ ചന്ദ്രസ്വാമി അറസ്റ്റ് ചെയ്യപ്പെട്ടു. ഒരു ലണ്ടന്‍ വ്യവസായിയെ വഞ്ചിച്ച് ഒരു ലക്ഷം ഡോളര്‍ തട്ടിയെന്നായിരുന്നു കേസ്.

This post was last modified on May 23, 2017 8:19 pm