X

കര്‍ണാടക തദ്ദേശ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് ബിജെപിയേക്കാള്‍ മുന്നില്‍

ആര്‍ക്കും ഭൂരിപക്ഷം നേടാന്‍ കഴിയാത്ത ഇടങ്ങളില്‍ കോണ്‍ഗ്രസും ജെഡിഎസും ചേര്‍ന്ന് ഭരണസമിതി രൂപീകരിക്കാനാണ് സാധ്യത.

കര്‍ണാടകയില്‍ നഗരസഭകളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് ബിജെപിയേക്കാള്‍ മുന്നില്‍. 105 നഗരസഭകളിലേയ്ക്കാണ് കഴിഞ്ഞയാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. ആകെയുള്ള 2664 സീറ്റുകളില്‍ 2267 സീറ്റുകളിലെ ഫലം പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് 846 സീറ്റും ബിജെപി 788 സീറ്റും ജനതാദള്‍ എസ് 307 സീറ്റുകളാണ് നേടിയത്. സ്വതന്ത്രര്‍ 277 സീറ്റുകള്‍ നേടി. ഷിമോഗ, മൈസൂരു, തുംകൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ ബിജെപിയാണ് മുന്നില്‍. മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദിയൂരപ്പയുടെ ശക്തികേന്ദ്രമാണ് ഷിമോഗ. സഖ്യകക്ഷി സര്‍ക്കാരുണ്ടാക്കി ഭരണം നടത്തുന്ന കോണ്‍ഗ്രസും ജെഡിഎസും തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റയ്‌ക്കൊറ്റയ്ക്കാണ് മത്സരിച്ചത്.

ആര്‍ക്കും ഭൂരിപക്ഷം നേടാന്‍ കഴിയാത്ത ഇടങ്ങളില്‍ കോണ്‍ഗ്രസും ജെഡിഎസും ചേര്‍ന്ന് ഭരണസമിതി രൂപീകരിക്കാനാണ് സാധ്യത. നഗരസഭകള്‍ അടക്കമുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ ശക്തമായ സ്വാധീനമുള്ള ബിജെപിക്ക് ഇത്തരത്തില്‍ തിരിച്ചടി നല്‍കാനായാല്‍ അത് കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന് കരുത്ത് നല്‍കും. കഴിഞ്ഞ രണ്ടാഴ്ചയോളമായി തുടരുന്ന കനത്ത മഴയും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലുകളും മൂലം കുഡഗിലെ മൂന്നിടങ്ങളില്‍ വോട്ടെടുപ്പ് മാറ്റിവച്ചു. ബംഗളൂരു അടക്കമുള്ള മേഖലകളില്‍ ഈ വര്‍ഷം അവസാനമായിരിക്കും തിരഞ്ഞെടുപ്പ്. 2013ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ 4976 സീറ്റുകളില്‍ തിരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ കോണ്‍ഗ്രസ് 1960 സീറ്റുകള്‍ നേടിയിരുന്നു. ബിജെപിക്കും ജെഡിഎസിനും 905 വീതം സീറ്റുകളും സ്വതന്ത്രര്‍ക്ക് 1206 സീറ്റുകളുമാണ് കഴിഞ്ഞ തവണ കിട്ടിയത്.

This post was last modified on September 3, 2018 2:03 pm