X

കോണ്‍ഗ്രസ് കൂട്ട് വേണ്ട: യെച്ചൂരിയുടേയും ബംഗാള്‍ ഘടകത്തിന്റെയും ആവശ്യം കേന്ദ്രകമ്മിറ്റി തള്ളി

പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തില്‍ അഭിപ്രായഭിന്നത ശക്തമാക്കിക്കൊണ്ട് സിപിഎമ്മിനകത്ത് ഈ പ്രശ്‌നം തുടരും എന്ന് ഉറപ്പായി.

കോണ്‍ഗ്രസുമായി ഒരു തരത്തിലും സഹകരണം വേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ രാജ്യത്തെ ഫാഷിസ്റ്റ് പാതയിലേയ്ക്ക് നയിക്കുന്ന സാഹചര്യത്തില്‍ ഫാഷിസ്റ്റ് ഭീഷണി നേരിടാന്‍ കോണ്‍ഗ്രസ് അടക്കമുള്ള എല്ലാ മതനിരപേക്ഷ പാര്‍ട്ടികളുമായും സഹകരണം വേണമെന്നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട്. നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലായ പശ്ചിമബംഗാള്‍ ഘടകവും ഈ നിലപാട് ശക്തമായി ഉയര്‍ത്തുന്നു. എന്നാല്‍ പ്രകാശ് കാരാട്ട് അടക്കമുള്ള നേതാക്കളും കേരളഘടകവും ഇതിനെ ശക്തമായി എതിര്‍ക്കുകയാണ്. പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പോലെ ബിജെപിക്കും കോണ്‍ഗ്രസിനും ബദലായി ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുകയാണ് വേണ്ടത് എന്ന് ഇക്കൂട്ടര്‍ ആവര്‍ത്തിക്കുന്നു.

വിഷയം അടുത്ത കേന്ദ്ര കമ്മിറ്റിയിലും ഉന്നയിക്കുമെന്ന് ബംഗാള്‍ ഘടകം വ്യക്തമാക്കി. കോണ്‍ഗ്രസുമായി സിപിഎമ്മിനുള്ള നയപരമായ വ്യത്യാസങ്ങള്‍ മറക്കാതെയും ജനങ്ങളെ ഇക്കാര്യം ബോദ്ധ്യപ്പെടുത്തിക്കൊണ്ട് സഹകരണം ആവാം എന്നും യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ചുകൊണ്ട് ഇന്നലെ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ സംസാരിച്ച വിഎസ് അച്യുതാനന്ദന്‍ പറഞ്ഞിരുന്നു. നേരത്തെ പൊളിറ്റ് ബ്യൂറോ കോണ്‍ഗ്രസ് സഹകരണം തള്ളിക്കളഞ്ഞതാണ്. പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തില്‍ അഭിപ്രായഭിന്നത ശക്തമാക്കിക്കൊണ്ട് സിപിഎമ്മിനകത്ത് ഈ പ്രശ്‌നം തുടരും എന്ന് ഉറപ്പായി.

This post was last modified on October 16, 2017 12:44 pm