X

സാമൂഹ്യപ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖയെ ഡല്‍ഹി ഹൈക്കോടതി വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചു

രണ്ട് ദിവസത്തേയ്ക്ക് കൂടി നവ്‌ലാഖയുടെ വീട്ടുതടങ്കല്‍ നീട്ടണമെന്ന മഹാരാഷ്ട്ര പബ്ലിക് പ്രോസിക്യൂട്ടറുടെ ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി. കീഴ്‌കോടതികളെ സമീപിക്കാനുള്ള അവകാശം ആക്ടിവിസ്റ്റുകള്‍ക്ക് സുപ്രീം കോടതി നല്‍കിയിട്ടുണ്ടെന്ന് ഹൈക്കോടതി ബഞ്ച് ചൂണ്ടിക്കാട്ടി.

ഭീമ കോറിഗാവ് കലാപത്തിന് ഉത്തരവാദികളെന്ന് ആരോപിച്ച് മഹാരാഷ്ട്ര പൊലീസ് ഓഗസ്റ്റ് 28ന് അറസ്റ്റ് ചെയ്ത അഞ്ച് സാമൂഹ്യപ്രവര്‍ത്തകരില്‍ ഒരാളെ വീട്ടുതടങ്കലില്‍ നിന്ന് വിട്ടയച്ചു. ഗൗതം നവ്‌ലാഖയെ ഡല്‍ഹി ഹൈക്കോടതിയാണ് വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചത്. നവ്‌ലാഖയെ ചോദ്യം ചെയ്യാന്‍ പൂനെയിലേയ്ക്ക് കൊണ്ടുപോകുന്നതിനായി ഡല്‍ഹിയിലെ വിചാരണ കോടതി പുറപ്പെടുവിച്ച ട്രാന്‍സിറ്റ് ഡിമാന്‍ഡ് കോടതി തള്ളി. ജസ്റ്റിസുമാരായ എസ് മുരളീധറിന്റേയും വിനോദ് ഗോയലിന്റേയും ബഞ്ചിന്റേതാണ് ഉത്തരവ്. കഴിഞ്ഞ ദിവസം അഞ്ച് ആക്ടിവിസ്റ്റുകളുടേയും വീട്ടുതടങ്കല്‍ നാലാഴ്‌ത്തേയ്ക്ക് സുപ്രീം കോടതി നീട്ടിയിരുന്നു. ഇവരുടെ അറസ്റ്റില്‍ എസ് ഐ ടി അന്വേഷണം വേണമെന്ന ആവശ്യവും കോടതി തള്ളിയിരുന്നു.

രണ്ട് ദിവസത്തേയ്ക്ക് കൂടി നവ്‌ലാഖയുടെ വീട്ടുതടങ്കല്‍ നീട്ടണമെന്ന മഹാരാഷ്ട്ര പബ്ലിക് പ്രോസിക്യൂട്ടറുടെ ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി. കീഴ്‌കോടതികളെ സമീപിക്കാനുള്ള അവകാശം ആക്ടിവിസ്റ്റുകള്‍ക്ക് സുപ്രീം കോടതി നല്‍കിയിട്ടുണ്ടെന്ന് ഹൈക്കോടതി ബഞ്ച് ചൂണ്ടിക്കാട്ടി. വരാവര റാവു, അരുണ്‍ ഫെരേര, വെര്‍ണന്‍ ഗോണ്‍സാല്‍വസ്, സുധ ഭരദ്വാജ് എന്നിവര്‍ വീട്ടുതടങ്കലില്‍ തുടരുകയാണ്. 2017 ഡിസംബര്‍ 31ന് ഭീമ കോറിഗാവില്‍ നടന്ന എല്‍ഗാര്‍ പരിഷദ് പരിപാടിയാണ് 2018 ജനുവരി ഒന്നിനുണ്ടായ സംഘര്‍ഷത്തിന് കാരണമെന്നാണ് പൂനെ പൊലീസിന്റെ ആരോപണം. ഈ അഞ്ച് പേര്‍ എല്‍ഗാര്‍ പരിഷദിന്റെ സംഘാടകര്‍ ആണെന്നും ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും ഇവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കാളികളാണെന്നും പൊലീസ് ആരോപിക്കുന്നു.

ചരിത്രകാരി റോമില ഥാപ്പറും സാമ്പത്തിക വിദഗ്ധന്‍ പ്രഭാത് പട്‌നായികും അടക്കമുള്ള നാല് ഇവരെ മോചിപ്പിക്കണമെന്നും എസ് ഐ ടി (പ്രത്യേക അന്വേഷണ സംഘം) അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഇവരെ ജയിലിലടക്കുന്നത് തടഞ്ഞ കോടതി വീട്ടുതടങ്കലില്‍ വയ്ക്കാന്‍ ഉത്തരവിടുകയായിരുന്നു. എസ് ഐ ടി അന്വേഷണമെന്ന ആവശ്യം തള്ളിയെങ്കില്‍ കേസില്‍ സുപ്രീം കോടതി വാദം കേള്‍ക്കുന്നത് തുടരുകയാണ്. അതേസമയം എസ് ഐ ടി അന്വേഷണം വേണമെന്ന് ന്യൂനപക്ഷ വിധിന്യായത്തില്‍ പറഞ്ഞ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് മഹാരാഷ്ട്ര പൊലീസിന്റെ അന്വേഷണ നടപടികള്‍ക്ക് വിശ്വാസ്യതയില്ലെന്നും കേസ് രാഷ്ട്രീയപ്രേരിതമാണ് എന്ന് സംശയിക്കേണ്ടി വരുമെന്നും പറഞ്ഞിരുന്നു.

This post was last modified on October 1, 2018 5:58 pm

Related Post
Leave a Comment