X

“ദിലീപ് മകനെ പോലെ, തെറ്റ് ചെയ്‌തെങ്കില്‍ തല്ലിക്കൊന്നോട്ടെ”: ജയില്‍ സന്ദര്‍ശനത്തെ ന്യായീകരിച്ച് കെപിഎസി ലളിത

സംഗീതനാടക അക്കാദമി ചെയര്‍പേഴ്സണ്‍ സ്ഥാനത്തിരുന്ന് കൊണ്ട് നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ സന്ദര്‍ശിച്ചതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് പ്രതികരണം.

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ ആലുവ സബ് ജയിലില്‍ സന്ദര്‍ശിച്ചതില്‍ വിശദീകരണവുമായി നടി കെ.പി.എ.സി ലളിത. വ്യക്തിപരമായ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ ദിലീപിനെ കണ്ടതെന്നും തനിക്ക് അതിനുളള അവകാശമുണ്ടെന്നും കെപിഎസി ലളിത പറഞ്ഞു. ദിലീപിനെ ഞാന്‍ എന്റെ മകന്റെ സ്ഥാനത്താണ് കാണുന്നത്. വ്യക്തിപരമായി ദിലീപിനെ കാണാന്‍ പാടില്ലെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല. എന്റെ മകനാണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തെരുവില്‍ തല്ലിക്കൊന്നോട്ടെ, ഞാന്‍ പിന്തുണക്കും. ഞാന്‍ ദിലീപിനെ സന്ദര്‍ശിച്ചതില്‍ ആര്‍ക്കും എന്തും പറയാം. ഇക്കാര്യത്തില്‍ മറ്റൊന്നും തനിക്ക് പറയാനില്ലെന്നും കെപിഎസി ലളിത പറഞ്ഞു.

കേരള സംഗീതനാടക അക്കാദമി ചെയര്‍പേഴ്സണ്‍ സ്ഥാനത്തിരുന്ന് കൊണ്ട് നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ സന്ദര്‍ശിച്ചതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് പ്രതികരണം. ലളിതയെ അക്കാഡമി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് നാടകപ്രവര്‍ത്തകന്‍ ദീപന്‍ ശിവരാമന്‍ ആവശ്യപ്പെട്ടിരുന്നു. ലളിതയുടെ നടപടിക്കെതിരെ നാടകപ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം.

This post was last modified on September 19, 2017 12:42 pm