X

യുപിഎ കാലത്തെ ഉയര്‍ന്ന വളര്‍ച്ചാനിരക്ക് പുറത്തുവിടുന്നത് നിതി ആയോഗ് തടഞ്ഞു

"ഇത് അനുവദിക്കാനാവില്ല" എന്നായിരുന്നു യോഗത്തില്‍ നിതി ആയോഗ് പ്രതിനിധികള്‍ പറഞ്ഞത് എന്ന് അന്നത്തെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ ചെയര്‍മാന്‍ പ്രൊണബ് സെന്‍ പറയുന്നു.

മൂന്ന് വര്‍ഷം മുമ്പ് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് യുപിഎ സര്‍ക്കാരിന്റെ കാലത്തെ ഉയര്‍ന്ന വളര്‍ച്ചാനിരക്ക് സംബന്ധിച്ച ഡാറ്റ തയ്യാറാക്കിയിരുന്നതായും എന്നാല്‍ നിതി ആയോഗ് വൈസ് ചെയര്‍മാനായിരുന്ന അരവിന്ദ് പനഗാരിയ ഈ ഡാറ്റ പുറത്തുവിടുന്നത് തടഞ്ഞതായും ദ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ട്. 2004-05 സാമ്പത്തിക വര്‍ഷം മുതല്‍ 2013-14 വര്‍ഷം വരെയുള്ള കണക്കുകളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ഇത്. അന്നത്തെ ചീഫ് സ്റ്റാറ്റിസ്റ്റീഷ്യല്‍ ടിസിഎ അനന്ത് ഇക്കാര്യം സ്ഥിരീകരിച്ചതായും ദ ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു. “ഇത് അനുവദിക്കാനാവില്ല” എന്നായിരുന്നു യോഗത്തില്‍ നിതി ആയോഗ് പ്രതിനിധികള്‍ പറഞ്ഞത് എന്ന് അന്നത്തെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ ചെയര്‍മാന്‍ പ്രൊണബ് സെന്‍ പറയുന്നു.

സിഎസ്ഒ ഡാറ്റ തള്ളിക്കളയാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. എന്നാല്‍ നയരൂപീകരണങ്ങളില്‍ നിര്‍ണായകമായ സിഎസ്ഒയുടേയും സ്റ്റാറ്റിസ്റ്റിക്കല്‍ സിസ്റ്റത്തിന്റേയും വിശ്വാസ്യത തകര്‍ക്കുന്ന സമീപനമാണ് ഇത് എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് സാമ്പത്തിക വിഷയങ്ങളേക്കാള്‍ കക്ഷി രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കാണ് പ്രാമുഖ്യം ലഭിക്കുക എന്നാണ് വിമര്‍ശനം.

യുപിഎ കാലത്ത് ശരാശരി വളര്‍ച്ചാനിരക്ക് 6.7 ആയിരുന്നു എന്നാണ് നിതി ആയോഗും സിഎസ്ഒയും നവംബര്‍ 28ന് പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്. എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ നാല് വര്‍ഷം വളര്‍ച്ചാനിരക്ക് 7.4 ആയിരുന്നു ഇത് എന്നും പറയുന്നു. എന്നാല്‍ 2004-05 മുതല്‍ 2008-09 വരെയുള്ള കാലത്ത് യുപിഎ ഭരണത്തില്‍ ശരാശരി ജിഡിപി 8.37 ശതമാനമായിരുന്നു. 2009-10 മുതല്‍ 2013-14 വരെയുള്ള കാലത്ത് ഇത് 7.69 ശതമാനവും. എന്നാല്‍ ഈ കണക്കുകളെ നിലവിലെ നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ വിമര്‍ശിച്ചിരുന്നു.

This post was last modified on December 7, 2018 9:15 am