X

യോഗിയുടെ സീറ്റ് പിടിച്ചെടുത്ത നിഷാദ് പാര്‍ട്ടി നേതാവായ സമാജ്‌വാദി എംപി ബിജെപിയിലേയ്ക്ക്

പിതാവ് സഞ്ജയ് നിഷാദും സമാജ്‌വാദി പാര്‍ട്ടിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് പ്രവീണ്‍കുമാര്‍ നിഷാദ് പാര്‍ട്ടി വിട്ടത്.

ഉത്തര്‍പ്രദേശിലെ നിഷാദ് പാര്‍ട്ടി നേതാവായ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവച്ചൊഴിഞ്ഞ ഗോരഖ്പൂര്‍ സീറ്റില്‍ ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി വിജയിച്ച് എംപിയായ പ്രവീണ്‍കുമാര്‍ നിഷാദ് ബിജെപിയില്‍ ചേര്‍ന്നു. നിഷാദ് പാര്‍ട്ടി അധ്യക്ഷന്‍ സഞ്ജയ് നിഷാദിന്റെ മകനായ പ്രവീണ്‍കുമാര്‍ നിഷാദ് കഴിഞ്ഞ വര്‍ഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി എസ് പി പിന്തുണയുള്ള സമാജ് വാദി പാര്‍ട്ടി സ്ഥാനാത്ഥിയായാണ് മത്സരിച്ചത്.

പിതാവ് സഞ്ജയ് നിഷാദും സമാജ്‌വാദി പാര്‍ട്ടിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് പ്രവീണ്‍കുമാര്‍ നിഷാദ് പാര്‍ട്ടി വിട്ടത്. ഇത്തവണയും സമാജ്‌വാദി സ്ഥാനാര്‍ത്ഥിയായി മത്സരിക്കണം എന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടിരുന്നു. നിഷാദ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി തന്നെ മത്സരിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്.

മുഖ്യമന്ത്രി യോഗിയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും രാജിവച്ചൊഴിച്ച ഗോരഖ്പൂര്‍, ഫുല്‍പൂര്‍ സീറ്റുകളിലെ ബിജെപിയുടെ തോല്‍വിയും ബി എസ് പി പിന്തുണയുള്ള എസ് പി സ്ഥാനാര്‍ത്ഥിയായുള്ള വിജയവും ശ്രദ്ധേയമായിരുന്നു. യുപിയില്‍ എസ് പി – ബി എസ് പി സഖ്യത്തിന്റെ തുടക്കമായിരുന്നു ഇത്.

അതേസമയം തെലങ്കാനയിലെ മുന്‍ കോണ്‍ഗ്രസ് എംപി ആനന്ദ ഭാസ്‌കര്‍ റാപോലു ബിജെപിയില്‍ ചേര്‍ന്നു. കഴിഞ്ഞ മാസമാണ് റാപോലു കോണ്‍ഗ്രസ് വിട്ടത്. ഇരു നേതാക്കളും അവരവരുടെ മേഖലകളില്‍ വലിയ സ്വാധീനമുള്ളവരാണെന്നും ഇത് ബിജെപിക്ക് നേട്ടമാണെന്നും കേന്ദ്ര മന്ത്രി ജെപി നദ്ദ അവകാശപ്പെട്ടു. അതേസമയം ഗോരഖ്പൂരിലെ സ്ഥാനാര്‍ത്ഥിയെ ബിജെപി തീരുമാനിച്ചിട്ടില്ല.

This post was last modified on April 4, 2019 4:40 pm