X

മെട്രോ രണ്ടാംഘട്ടത്തില്‍ ഞാനും ഡിഎംആര്‍സിയുമില്ല, വേദിയിലേക്ക് വിളിച്ചാല്‍ പോകും: ഇ ശ്രീധരന്‍

മെട്രോ ഉദ്ഘാടനം ശനിയാഴ്ച നടക്കാനിരിക്കെ, സ്റ്റേഷനുകളുടെയും ട്രെയിനുകളുടെയും മറ്റും അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു ശ്രീധരന്‍.

കൊച്ചി മെട്രോ രണ്ടാംഘട്ട നിര്‍മ്മാണത്തില്‍ താനും ഡിഎംആര്‍സിയുമുണ്ടാകില്ലെന്ന് ഇ ശ്രീധരന്‍. രണ്ടാംഘട്ടം പൂര്‍ത്തിയാക്കാന്‍ കെഎംആര്‍എല്‍ പ്രാപ്തരാണെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി. പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെയുള്ളതും മഹാരാജാസ് മുതല്‍ തൃപ്പൂണിത്തുറ പേട്ട വരെയുള്ളതുമായ റൂട്ടുകളുടെ നിര്‍മ്മാണം ഡിഎംആര്‍സിയുടെ തന്നെ മേല്‍നോട്ടത്തില്‍ ആയിരിക്കും. അതേസമയം കലൂര്‍ മുതല്‍ കാക്കനാട് വരെയുള്ള രണ്ടാം ഘട്ടത്തിന്‍റെ ചുമതല പൂര്‍ണമായും കെഎംആര്‍എല്ലിനായിരിക്കും. അവര്‍ ഇതിന് പ്രാപ്തരാണെന്നും ശ്രീധരന്‍ വ്യക്തമാക്കി. പാലാരിവട്ടം സ്റ്റേഷനില്‍ പരിശോധന നടത്താന്‍ എത്തിയപ്പോളാണ് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

മെട്രോ ഉദ്ഘാടനം ശനിയാഴ്ച നടക്കാനിരിക്കെ, സ്റ്റേഷനുകളുടെയും ട്രെയിനുകളുടെയും മറ്റും അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു ശ്രീധരന്‍. ശനിയാഴ്ച രാവിലെ 11നാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടനം നടക്കുന്നത്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്്‌റ്റേഡിയത്തിലെ ഉദ്ഘാടന ചടങ്ങിന് ശേഷം പ്രധാനമന്ത്രി പാലാരിവട്ടത്ത് നിന്ന് ഇടപ്പള്ളി പത്തടിപ്പാലത്തേയ്ക്കും തിരിച്ചും മെട്രോയില്‍ യാത്ര ചെയ്യും. ഉദ്ഘാടന ചടങ്ങില്‍ വേദിയില്‍ ഇടം നല്‍കാത്തത്തില്‍ പരാതിയില്ലെന്ന് ആവര്‍ത്തിച്ച ഇ ശ്രീധരന്‍, തന്നെ വിളിച്ചാല്‍ പോകുമെന്നും വ്യക്തമാക്കി. ഞാനൊരു തൊഴിലാളി മാത്രമാണ്. മലയാളികള്‍ ആഘോഷമാക്കേണ്ട മെട്രോയുടെ ഉദ്ഘാടനം വിവാദത്തില്‍ ആക്കേണ്ട കാര്യമില്ലെന്നും ശ്രീധരന്‍ പറഞ്ഞു.

This post was last modified on June 15, 2017 10:55 am