X

1857ലെ ജനകീയ പ്രക്ഷോഭം ഒന്നാം സ്വാതന്ത്ര്യസമരമല്ലെന്ന് ബിജെപി, ആദ്യ സ്വാതന്ത്ര്യസമരം ഒഡീഷയിലെ പൈക ബിദ്രോഹ

1817ല്‍ ഒഡീഷയില്‍ നടന്ന 'പൈക ബിദ്രോഹ' (പൈക പ്രക്ഷോഭം) ഒന്നാം സ്വാതന്ത്ര്യ സമരമായി അംഗീകരിച്ച് സ്‌കൂളുകളിലും കോളേജുകളിലും പഠിപ്പിക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

ഇന്ത്യാചരിത്രം തിരുത്തിയെഴുതുന്ന സംഘപരിവാര്‍ അജണ്ടയുമായി മോദി സര്‍ക്കാര്‍ മുന്നോട്ട്. 1857ല്‍ ഇന്ത്യന്‍ സൈനികരും നാട്ടുരാജാക്കന്മാരും ബ്രിട്ടിഷ് ഭരണത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തുകയും തുടര്‍ന്ന് ഉത്തരേന്ത്യയില്‍ വലിയ ജനകീയ പ്രക്ഷോഭമായി മാറുകയും ചെയ്ത മുന്നേറ്റം ഇനി മുതല്‍ ഒന്നാം സ്വാതന്ത്ര്യ സമരമായിരിക്കില്ല. മറിച്ച്, 1817ല്‍ ഒഡീഷയില്‍ നടന്ന ‘പൈക ബിദ്രോഹ’ (പൈക പ്രക്ഷോഭം) ഒന്നാം സ്വാതന്ത്ര്യ സമരമായി അംഗീകരിച്ച് സ്‌കൂളുകളിലും കോളേജുകളിലും പഠിപ്പിക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. രാജ്യം മുഴുവന്‍ ‘പൈക ബിദ്രോഹ’യുടെ ചരിത്ര സ്മാരകങ്ങള്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 200 കോടി രൂപ അനുവദിച്ചതായും പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. ‘വിദ്യാര്‍ത്ഥികള്‍ യഥാര്‍ഥ ചരിത്രമാണ് പഠിക്കേണ്ടത്. ചരിത്ര പുസ്തകങ്ങളില്‍ ഒന്നാം സ്വാതന്ത്ര്യസമരമെന്ന പേരില്‍ ‘പൈക ബിദ്രോഹ’ ഇനി അറിയപ്പെടും’- ജാവദേക്കര്‍ പറഞ്ഞു. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഈ ആവശ്യം ഉന്നയിച്ച് നേരത്തേ കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.

പൈക ബിദ്രോഹ (1817)

പൈക സമുദായത്തിന് ഗജപതി രാജാക്കന്മാര്‍ പരമ്പരാഗതമായി കൃഷിഭൂമി പാട്ടത്തിന് നല്‍കിയിരുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനി 1803ല്‍ ഒഡീഷ അടക്കമുള്ള മേഖല കീഴടക്കിയതോടെ കര്‍ഷകര്‍ക്ക് അതുവരെ ലഭിച്ചുവന്നിരുന്ന ആനുകൂല്യം നിര്‍ത്തലാക്കി. ഈ തീരുമാനം പൈക സമുദായത്തെ അസ്വസ്ഥരാക്കി. ബക്ഷി ജഗബന്ധുവിന്റെ നേതൃത്വത്തില്‍ 1817ല്‍ കമ്പനിക്കെതിരായി സായുധലഹള പൊട്ടിപ്പുറപ്പെട്ടു. ആദിവാസികളും ഇവരോടൊപ്പം ചേര്‍ന്നു. തുടക്കത്തില്‍ പൈക സൈന്യത്തിന് മുന്നേറാന്‍ കഴിഞ്ഞെങ്കിലും കമ്പനി സൈന്യം മേധാവിത്വം തിരികെപ്പിടിച്ചു. നൂറുകണക്കിന് പൈക സൈനികരെ വധിച്ചു. ജഗബന്ധുവടക്കം അനേകം പേരെ തടവിലാക്കി.

This post was last modified on October 24, 2017 9:09 am