X

“ഗോ ബാക്ക് മോദി”: പ്രധാനമന്ത്രിയുടെ തമിഴ്‌നാട് സന്ദര്‍ശനത്തിന് മുന്നോടിയായി ട്വിറ്ററിലെ ട്രെന്‍ഡ് ഇതാണ്‌

പെരിയാര്‍ ഇവി രാമസ്വാമിയുടെ മുഖമുള്ള തമിഴ്‌നാട് മോദിയെ ഗോ ബാക്ക് വിളിച്ച് ഓടിക്കുന്നതടക്കമുള്ള പോസ്റ്റുകളും ട്രോളുകളാണ് ഈ ഹാഷ് ടാഗില്‍ വരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ്‌നാട് സന്ദര്‍ശനത്തിന് തിരിച്ചടിയായി ട്വിറ്റര്‍ മോദി വിരുദ്ധ ഹാഷ് ടാഗ് കാംപെയിന്‍. പ്രധാനമന്ത്രിയുടെ മധുര സന്ദര്‍ശനത്തിന് മുന്നോടിയായി #GoBackModi എന്ന ഹാഷ് ടാഗ് ആണ് ഇപ്പോള്‍ ട്വിറ്ററിലെ ട്രെന്‍ഡ്. പെരിയാര്‍ ഇവി രാമസ്വാമിയുടെ മുഖമുള്ള തമിഴ്‌നാട് മോദിയെ ഗോ ബാക്ക് വിളിച്ച് ഓടിക്കുന്നതടക്കമുള്ള പോസ്റ്റുകളും ട്രോളുകളാണ് ഈ ഹാഷ് ടാഗില്‍ വരുന്നത്. #GoBackSadistModi എന്ന ഹാഷ് ടാഗുമുണ്ട്. ഈ ഹാഷ് ടാഗിനും പിന്തുണ ലഭിക്കുന്നുണ്ട്. അതേസമയം #TNWelcomesModi, #MaduraiThanksModi എന്നീ ഹാഷ് ടാഗുകളും വന്നിട്ടുണ്ട്. മധുരൈയില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ആശുപത്രിക്ക് തറക്കില്ലിടുന്ന ചടങ്ങിനാണ് മോദി എത്തുന്നത്.

തമിഴ്‌നാടിന്റെ കാര്യമായി ബാധിച്ച ഗജ ചുഴലിക്കാറ്റില്‍ ഇരകളായവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ യാതൊരു സഹായവും ചെയ്തില്ലെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് ഫാക്ടറിക്കെതിരെ സമരം ചെയ്തവര്‍ക്കെതിരായ വെടിവയ്പില്‍ 13 പേര്‍ കൊല്ലപ്പെട്ട സംഭവം, കാവേരി നദീജല പ്രശ്‌നത്തില്‍ കേന്ദ്രം കര്‍ണാടകയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നു എന്ന ആരോപണം, നീറ്റ് പരീക്ഷ അടിച്ചേല്‍പ്പിക്കല്‍ തുടങ്ങിയവയെല്ലാം ഇവര്‍ ഉന്നയിക്കുന്നു. എയിംസ് ആശുപത്രി നിര്‍മ്മാണം രണ്ട് വര്‍ഷം മുമ്പേ തുടങ്ങേണ്ടതായിരുന്നു. ഇപ്പോള്‍ അത് പ്രവര്‍ത്തിച്ചുതുടങ്ങേണ്ട സമയമായി. ഇപ്പോളത്തെ തറക്കല്ലിടല്‍ ചടങ്ങ് വെറും തിരഞ്ഞെടുപ്പ് ഗിമ്മിക്കാണ് – ഡിഎംകെ വക്താവ് എ ശരവണന്‍ എന്‍ഡിടിവിയോട് പറഞ്ഞു.

ഇത് രണ്ടാം തവണയാണ് തമിഴ്‌നാട്ടില്‍ പ്രധാനമന്ത്രി മോദി ഇത്ര വലിയ പ്രതിഷേധം നേരിടുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ചെന്നൈയില്‍ ഡിഫൈന്‍സ് എക്‌സ്‌പോക്കെത്തിയപ്പോള്‍ #GoBackModi ട്രെന്‍ഡിംഗ് ആയിരുന്നു. നൂറ് കണക്കിന് പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ കറുത്ത ബലൂണുകളുമായാണ് മോദിയെ സ്വീകരിച്ചത്. പ്രതിഷേധം മൂലം റോഡ് മാര്‍ഗമുള്ള യാത്ര ഒഴിവാക്കി ഹെലികോപ്റ്ററിലാണ് മോദി അന്ന് മദ്രാസ് ഐഐടിയിലെ പരിപാടിക്ക് പോയത്. കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് സംബന്ധിച്ച് തീരുമാനമെടുക്കാത്തതില്‍ വലിയ പ്രതിഷേധമാണ് കേന്ദ്ര സര്‍ക്കാരിനെതിരെ തമിഴ്‌നാട്ടില്‍ ഉയര്‍ന്നത്.

ഇത്തവണ മധുരയില്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വൈകോയുടെ എംഡിഎംകെ (മറുമലര്‍ച്ചി ദ്രാവിഡ മുന്നേട്ര കഴഗം) വ്യക്തമാക്കി. എന്നാല്‍ പ്രധാനമന്ത്രിക്കെതിരായ പ്രതിഷേധം ഒരു പെയ്ഡ് ഓണ്‍ലൈന്‍ കാംപെയിന്‍ ആണെന്ന് ബിജെപി ആരോപിച്ചു. അതേസമയം എയിംസ് പോലെ തമിഴ്‌നാടിന്റെ വലിയ പ്രതീക്ഷകളിലൊന്നായ സ്ഥാപനത്തിന് തറക്കല്ലിടാന്‍ വരുമ്പോള്‍ പ്രധാനമന്ത്രിക്കെതിരെ ഇത്തരം പ്രതിഷേധം ഉചിതമല്ലെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ഡോ.സുമന്ത് സി രാമന്‍ ട്വീറ്റ് ചെയ്തു. തമിഴ്‌നാടിനെ മോദി സര്‍ക്കാര്‍ ഉപദ്രവിച്ചിട്ടുണ്ട്. പക്ഷെ ഇത് അത്തരത്തിലൊരു കാര്യമല്ല – സുമന്ത് സി രാമന്‍ ചൂണ്ടിക്കാട്ടി.

This post was last modified on January 27, 2019 6:48 am