X

സാശ്രയ ഫീസ്: ഗാരണ്ടി പ്രശ്‌നത്തിന് പരിഹാരം? ബാങ്കുകളുമായി സര്‍ക്കാര്‍ ധാരണയില്‍

ധാരണയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ച ശേഷം പ്രത്യേക ഉത്തരവിറക്കും.

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ഉയര്‍ന്ന് വന്ന ബാങ്ക് ഗാരണ്ടി സംബന്ധിച്ച പ്രശ്‌നത്തിന് പരിഹാരമാകുന്നു. ബാങ്കുകള്‍ സര്‍ക്കാരുമായി സഹകരിക്കാന്‍ തീരുമാനമായതോടെയാണ് ഇത്. നിയുക്ത ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ കെ.എം.ഏബ്രഹാം നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. ധാരണയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ച ശേഷം പ്രത്യേക ഉത്തരവിറക്കും.

മെഡിക്കല്‍ പ്രവേശനത്തിന് വസ്തുവകകള്‍ ഈട് വാങ്ങാന്‍ ശ്രമിക്കരുതെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു. അര്‍ഹരായവരെ പ്രവേശിപ്പിക്കണമെന്ന് മാനേജ്‌മെന്റുകളോടും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ബാങ്ക് ഗാരണ്ടിക്ക് സാധാരണ ആവശ്യപ്പെടുന്ന സെക്യൂരിറ്റി, മാര്‍ജിന്‍ മണി, മൂന്നാം കക്ഷിയുടെ ഗാരന്റി എന്നിവ ഒഴിവാക്കണം. ബിപിഎല്‍, എസ്സി – എസ്ടി വിഭാഗങ്ങള്‍, മത്സ്യത്തൊഴിലാളികളുടെ മക്കള്‍ എന്നിവരില്‍ നിന്ന് ബാങ്ക് ഗാരണ്ടി കമ്മീഷന്‍ ഈടാക്കുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. എല്ലാ ആവശ്യങ്ങളും ബാങ്കുകള്‍ അംഗീകരിച്ചോ എന്നത് സംബന്ധിച്ച് വിവരം ലഭ്യമായിട്ടില്ല.

ഇതിനിടെ അര്‍ഹരായ എല്ലാവര്‍ക്കും പ്രവേശനം ലഭ്യമാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ബാങ്ക് ഗാരണ്ടി കൂടാതെ പ്രവേശനം നല്‍കാമെന്ന് ഒമ്പത് സ്വാശ്രയ കോളജുകള്‍ സമ്മതിച്ചിട്ടുണ്ട്. മറ്റ് കോളേജുകളുമായി ചര്‍ച്ച നടത്തുകയാണ്. വിഷയത്തില്‍ പ്രതിപക്ഷ നേതാവ് നല്‍കിയിരിക്കുന്ന ഹര്‍ജി അനാവശ്യമാണ്. നിലപാടറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും സര്‍ക്കാരിനുവേണ്ടി അഡ്വക്കേറ്റ് ജനറല്‍ ആവശ്യപ്പെട്ടു.

This post was last modified on August 30, 2017 6:29 pm