X

സര്‍ക്കാര്‍ അദ്ധ്യാപകരുടെ മക്കളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിപ്പിക്കണം: ഡിപിഐ നിര്‍ദ്ദേശം

സ്‌കൂള്‍ പഠനസമയം രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് മൂന്ന് വരെയാക്കണമെന്ന ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം ചര്‍ച്ച ചെയ്‌തെങ്കിലും ഇത് സംബന്ധിച്ച് തീരുമാനമായില്ല.

സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകരുടേയും വിദ്യാഭ്യാസ വകുപ്പിലെ മറ്റ് ജീവനക്കാരുടേയും മക്കളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അഭ്യര്‍ത്ഥന ഇറക്കും. ഗുണമേന്മ വര്‍ദ്ധന പദ്ധതി (ക്യുഐപി) യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. ഇക്കാര്യത്തില്‍ സര്‍ക്കുലര്‍ ഇറക്കണമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് പ്രായോഗിക തടസങ്ങളുണ്ടെന്ന് ഡയറക്ടര്‍ ചൂണ്ടിക്കാട്ടിയതോടെയാണ് അഭ്യര്‍ത്ഥന് ഇറക്കാന്‍ തീരുമാനിച്ചത്.

സ്‌കൂള്‍ പഠനസമയം രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് മൂന്ന് വരെയാക്കണമെന്ന ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം ചര്‍ച്ച ചെയ്‌തെങ്കിലും ഇത് സംബന്ധിച്ച് തീരുമാനമായില്ല. ഇത് പരിശോധിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് യോഗത്തില്‍ ആവശ്യപ്പെട്ടു. അതേസമയം ഇക്കാര്യത്തില്‍ സമുദായ നേതാക്കളുമായി സമവായത്തില്‍ എത്തിയ ശേഷം മാത്രം തീരുമാനം മതിയെന്നാണ് യോഗത്തിലുണ്ടായിരിക്കുന്ന ധാരണ. മദ്രസകളിലെ പഠനസമയം രാവിലെ എട്ട് മണി മുതല്‍ ഒമ്പത് വരെയാണ്. ഈ സാഹചര്യത്തില്‍ ഒമ്പത് മണിക്ക് സ്‌കൂള്‍ പഠനം തുടങ്ങുന്നതിനെതിരെ എതിര്‍പ്പുയരാന്‍ ഇടയുണ്ട്. അംഗീകാരമില്ലാത്ത 1500 സ്‌കൂളുകള്‍ അടച്ചു പൂട്ടാനുള്ള തീരുമാനത്തിലെ പ്രായോഗിക ബുദ്ധിമുട്ടുകളും യോഗത്തില്‍ ചര്‍ച്ചയായി. അംഗീകാരമുള്ള സ്‌കൂളുകളുടെ പട്ടിക സര്‍ക്കാര്‍ പ്രസിദ്ധീകരിക്കുമെന്നും യോഗം തീരുമാനിച്ചു. ആധാര്‍ കാര്‍ഡ് ഇല്ലാത്ത 37,000 വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ഉടന്‍ ആധാര്‍ എടുക്കാനും തീരുമാനമായി.

This post was last modified on May 19, 2017 7:20 am