X

അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജി തള്ളിയത് യുപിഎ സര്‍ക്കാരിന്റെ ആവശ്യപ്രകാരം: പ്രണബ് മുഖര്‍ജി

രാഷ്ട്രപതിയ്ക്ക് കോടതിയുടെ റോള്‍ നിര്‍വഹിക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ ശുപാര്‍ശ നടപ്പാക്കാനുള്ള ചുമതലയുണ്ടെന്നും പ്രണബ് മുഖര്‍ജി അഭിപ്രായപ്പെട്ടു. നടപടിയെടുക്കാതെ ഫയലുകള്‍ മാറ്റി വയ്ക്കുന്ന രീതി തനിക്കില്ലെന്നും പ്രണബ് പറഞ്ഞു.

പാര്‍ലമെന്റ് ആക്രമണ കേസില്‍ വധശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജി തള്ളിയത് അന്നത്തെ യുപിഎ സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. രാഷ്ട്രപതിയ്ക്ക് കോടതിയുടെ റോള്‍ നിര്‍വഹിക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ ശുപാര്‍ശ നടപ്പാക്കാനുള്ള ചുമതലയുണ്ടെന്നും പ്രണബ് മുഖര്‍ജി അഭിപ്രായപ്പെട്ടു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. വധശിക്ഷകള്‍ വിവിധ ഘട്ടങ്ങളിലൂടെയാണ് തീര്‍പ്പാക്കപ്പെടുന്നത്. വധശിക്ഷ തുടരുന്നതിന് താന്‍ വ്യക്തിപരമായി എതിരാണ് എന്ന് വ്യക്തമാക്കിയ പ്രണബ് മുഖര്‍ജി, വധശിക്ഷ നിര്‍ത്തലാക്കുന്നതിന് നിയമഭേദഗതി കൊണ്ടുവരേണ്ടത് പാര്‍ലമെന്റാണെന്ന് ചൂണ്ടിക്കാട്ടി. രാഷ്ട്രപതിയായിരുന്ന അഞ്ച് വര്‍ഷ കാലത്തിനിടയില്‍ (2012 ജൂലൈ മുതല്‍ 2017 ജൂലൈ വരെ) 30 ദയാഹര്‍ജികളാണ് പ്രണബ് മുഖര്‍ജി തള്ളിയത്.

2013 ഫെബ്രുവരി മൂന്നിന് പ്രണബ് മുഖര്‍ജി അഫ്‌സലിന്റെ ദയാഹര്‍ജി തള്ളുകയും ഫെബ്രുവരി ഒമ്പതിന് ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ ശിക്ഷ നടപ്പാക്കുകയുമായിരുന്നു. നടപടിയെടുക്കാതെ ഫയലുകള്‍ മാറ്റി വയ്ക്കുന്ന രീതി തനിക്കില്ലെന്നാണ് ദയാഹര്‍ജിയില്‍ തീരുമാനമെടുക്കുന്നത് സംബന്ധിച്ച് പ്രണബ് മുഖര്‍ജി പറഞ്ഞത്. ചില കേസുകളില്‍ ആഭ്യന്തര മന്ത്രിയുമായി സംസാരിച്ച ശേഷം വധശിക്ഷയില്‍ ഇളവ് നല്‍കാന്‍ തീരുമാനിച്ചിരുന്നു. ബാക്കിയെല്ലാത്തിലും പെട്ടെന്ന് തന്നെ സര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിച്ചു.

This post was last modified on October 21, 2017 4:27 pm