X

ആര്‍ക്കാണ് ഇന്ത്യയില്‍ സുരക്ഷയില്ലെന്ന് തോന്നുന്നത്? അവരെ ഞാന്‍ ബോംബിടും

"എനിക്ക് ഒരു മന്ത്രി സ്ഥാനം തരൂ. ഞാന്‍ ഇത്തരക്കാരെ ബോംബ് ചെയ്യാം".

ആര്‍ക്കാണ് ഇന്ത്യയില്‍ സുരക്ഷയില്ലെന്ന് തോന്നുന്നത്, അവര്‍ക്ക് നേരെ ബോംബിടുമെന്ന് ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ. മുസഫര്‍നഗര്‍ എംഎല്‍എ വിക്രം സെയ്‌നിയാണ് ഭീഷണി മുഴക്കിയത്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ പറയുന്നവര്‍ രാജ്യദ്രോഹികളാണെന്നും വിക്രം സെയ്‌നി അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ളവര്‍ക്ക് പരമാവധി ശിക്ഷ നല്‍കണം. ഇന്ത്യയില്‍ ജീവിക്കാന്‍ ഭയവും അരക്ഷിതത്വവും തോന്നുന്നു എന്ന് പറയുന്നവരെ ബോംബ് വയ്ക്കണം. ഇത്തരക്കാര്‍ രാജ്യത്തിന്റെ മൂല്യങ്ങളെ ബഹുമാനിക്കാത്തവരാണ്. ഇത്തരക്കാര്‍ക്ക് രാജ്യം വിടാം. ഏതെങ്കിലും വിദേശരാജ്യത്ത് പോയി ജീവിക്കാം – വിക്രം സെയ്‌നി പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

എനിക്ക് ഒരു മന്ത്രി സ്ഥാനം തരൂ. ഞാന്‍ ഇത്തരക്കാരെ ബോംബ് ചെയ്യാം. യാതൊരു ദേശഭക്തിയുമില്ലെങ്കില്‍ നിങ്ങള്‍ ഈ രാജ്യത്ത് ജീവിക്കുന്നത് എന്തിനാണ്. സുരക്ഷയില്ലെന്ന് തോന്നുന്നുണ്ടെങ്കില്‍ വേറെ എവിടെയെങ്കിലും പോകൂ. ആരാണ് തടഞ്ഞത്. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ കലാപവും പൊലീസ് ഇന്‍സ്‌പെക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്‍ നസീറുദ്ദീന്‍ ഷാ നടത്തിയ പരാമര്‍ശമാണ് ബിജെപി, സംഘപരിവാര്‍ നേതാക്കളെ പ്രകോപിപ്പിച്ചത്. ഒരു പൊലീസ് ഇന്‍സ്‌പെക്ടറുടെ ജീവനേക്കാള്‍ ഈ രാജ്യത്ത് പശുവിന്റെ ജീവനാണ് വിലയെന്നും തന്റെ കുട്ടികള്‍ ഒരു കൂട്ടം അക്രമികള്‍ക്കിടയില്‍ പെട്ടാല്‍ ഹിന്ദുവാണോ മുസ്ലീമാണോ എന്ന ചോദ്യത്തിന് മുന്നില്‍ പകച്ചുനില്‍ക്കേണ്ടി വരുമെന്നും ഭീതിയും രോഷവും തോന്നുന്നതായും നസീറുദ്ദീന്‍ ഷാ പറഞ്ഞിരുന്നു.

വീഡിയോ:

This post was last modified on January 4, 2019 3:38 pm