X

സ്വകാര്യത മൗലികാവകാശമാണോ? സുപ്രീംകോടതി ഇന്ന് പറയും

സ്വകാര്യത മൗലികാവകാശമാണെന്ന വാദത്തോട് കേന്ദ്രസര്‍ക്കാര്‍ യോജിച്ചിട്ടില്ല.

സ്വകാര്യത മൗലികാവകാശമാണോ എന്നത് സംബന്ധിച്ച് ഇന്ന് സുപ്രീംകോടതി വിധി പറയും. ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാറിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ ഭരണഘടനാ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. സ്വകാര്യതയ്ക്ക് മൗലികാവകാശമെന്ന നിലയില്‍ ഭരണഘടനാപരമായ സംരക്ഷണം ലഭിക്കേണ്ടതുണ്ടോ എന്ന കാര്യമാണ് സുപ്രീംകോടതി പരിശോധിക്കുന്നത്. സ്വകാര്യത ഒരു അവകാശമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അത് ഭരണഘടനാപരമായ മൗലികാവകാശമായി അംഗീകരിക്കപ്പെടേണ്ടതുണ്ടോ എന്ന കാര്യം കോടതി പരിശോധിക്കും. സ്വകാര്യത മൗലികാവകാശമായി അംഗീകരിക്കപ്പെട്ടാല്‍ സര്‍ക്കാരുകളുടെ പല നടപടികളും കോടതികളിലെ ഭരണഘടനാ ബഞ്ചുകളില്‍ ചോദ്യം ചെയ്യപ്പെടും. ആധാറുമായി ബന്ധപ്പെട്ട ഹര്‍ജികളിലാണ് സ്വകാര്യത സംബന്ധിച്ച ചര്‍ച്ച വന്നത്. ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കപ്പെടുന്നത് വ്യക്തികളുടെ സ്വകാര്യതയെന്ന അവകാശത്തെ ബാധിക്കുന്നു എന്നായിരുന്നു പരാതി. സ്വകാര്യത മൗലികാവകാശമാണെന്ന വാദത്തോട് കേന്ദ്രസര്‍ക്കാര്‍ യോജിച്ചിട്ടില്ല.

1954ല്‍ ആറംഗ ഭരണഘടനാ ബഞ്ചും 1962ല്‍ എട്ടംഗ ബഞ്ചും സ്വകാര്യത മൗലികാവകാശമല്ലെന്നാണ് വിധിച്ചത്. അതേസമയം സ്വകാര്യതയ്ക്കുള്ള അവകാശം തള്ളിക്കളഞ്ഞതുമില്ല. ആധാര്‍ കേസില്‍ സ്വകാര്യത മൗലികാവകാശമാണെന്ന് വാദം ഉയര്‍ന്നപ്പോള്‍ എട്ടംഗ ബഞ്ചിന്റെ മുന്‍ വിധി പുനപരിശോധിക്കേണ്ടത് ഒമ്പതംഗ ഭരണഘടനാ ബഞ്ചാണെന്ന വാദം കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തി. അതേസമയം ആധാര്‍ വിവരങ്ങള്‍ പങ്കുവയ്ക്കപ്പെടുന്നതും ചോരുന്നതും വലിയ ഭീഷണിയാണെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കൃഷ്ണമണിയും വിരലടയാളവും മറ്റും കുറ്റകൃത്യങ്ങളില്‍ ദുരുപയോഗം ചെയ്യപ്പെടാമെന്ന് ഇവര്‍ വാദിക്കുന്നു.
സ്വകാര്യത മൗലികാവകാശമാണെന്ന് ഭരണഘടനാ ബഞ്ച് വിധിച്ചാല്‍ ആധാര്‍ കേസ് അഞ്ചംഗ ബഞ്ചിലേയ്ക്ക് തിരിച്ചുപോകും. ആധാര്‍ സ്വകാര്യതയെന്ന മൗലികാവകാശം ലംഘിക്കുന്നതാണോ എന്ന പരിശോധന അഞ്ചംഗ ബഞ്ചായിരിക്കും പിന്നീട് നടത്തുക.
ആധാറിനെ കൂടാതെ സ്വവര്‍ഗ ലൈംഗികതയേയും സുപ്രീംകോടതിയുടെ സ്വകാര്യതാ വിധി ബാധിക്കും. ഐപിസി 377 പ്രകാരം നിലവില്‍ ക്രിമിനല്‍ കുറ്റമായ സ്വവര്‍ഗ ലൈംഗികത, പ്രായപൂര്‍ത്തിയായ വ്യക്തികളുടെ പരസ്പര സമ്മത പ്രകാരമുള്ള സ്വകാര്യതയുടെ ഭാഗമായി അംഗീകരിക്കപ്പെടുമോ എന്നതാണ് വിഷയം.

This post was last modified on August 24, 2017 10:19 am