വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് ഹൈക്കോടതി. വിജിലന്‍സിനെ നിയന്ത്രിക്കണമെന്ന് മാത്രമാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. തെറ്റായ കാര്യങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളായി പുറത്തുവരുന്നത്. ഏത് സാഹചര്യത്തിലാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നതെന്നും കോടതി ചോദിച്ചു. സര്‍ക്കാരിന്റെ അവകാശത്തില്‍ വിജിലന്‍സ് അമിതാധികാരം കാണിക്കേണ്ടതില്ല. അമിതാധികാരം എന്തുകൊണ്ടാണ് നിയന്ത്രിക്കാത്തതെന്നാണ് ചോദിച്ചതെന്നും കോടതി വ്യക്തമാക്കി.
ജേക്കബ് തോമസിനെതിരായ ധനകാര്യ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്‍മേലുള്ള നടപടിയില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. അത് കോടതിക്ക് തീരുമാനിക്കാനാകില്ല. മൂന്നാഴ്ചയ്ക്കകം സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ധനകാര്യ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ നടപടി വേണമെന്ന ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. നിലവിലെ ഡയറക്ടറുമായി എങ്ങനെ മുന്നോട്ടു പോകുമെന്ന് കഴിഞ്ഞദിവസം വാദത്തിനിടെ കോടതി ചോദിച്ചിരുന്നു. ഡയറക്ടറെ മാറ്റാത്തതെന്താണ്? പല മേഖലകളിലും വിജിലന്‍സിന്റെ അമിത ഇടപെടലാണ്. എന്തുകൊണ്ടാണ് സര്‍ക്കാര്‍ മൗനം പാലിക്കുന്നത്? ജിഷ വധകേസിലൊക്കെ വിജിലന്‍സിന് എന്ത് കാര്യം? കോടതിയുടെയും നിയമനിര്‍മാണ സഭയുടെയും അധികാരപരിധിയിലുള്ള വിഷയങ്ങളില്‍ വിജിലന്‍സ് എന്തിനിടപെടുന്നു? തുടങ്ങിയ ചോദ്യങ്ങള്‍ കോടതി ഉയര്‍ത്തിയെന്നാണ് അഭിഭാഷകര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.
മറ്റൊരു കേസുമായി ബന്ധപ്പെടുത്തി കോടതി ഇടപെടലിനെയും സര്‍ക്കാരിന്‍റെ തീരുമാനത്തെയും വ്യാഖ്യാനിക്കാന്‍ ശ്രമമുണ്ടായി. കോടതി സ്വാധീനത്തിന് അടിമപ്പെടുന്ന ഒന്നാണ് എന്ന ധാരണ സൃഷ്ടിക്കാന്‍ ഉതകുന്ന ഇത്തരം പ്രചാരണങ്ങള്‍ കോടതിയലക്ഷ്യ പരിധിയില്‍ വരുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ലാവ്ലിന്‍ കേസ് പരിഗണിക്കുന്നത് വിജിലന്‍സിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്ന ജസ്റ്റിസ് ഉബൈദിന്‍റെ ബഞ്ചാണ് എന്ന് ചൂണ്ടിക്കാട്ടി ഇത് കണക്കിലെടുത്താണ് ജേക്കബ് തോമസിനെ മാറ്റാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിച്ചതെന്നും പറഞ്ഞ് പല മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിരുന്നു. ഇതാണ് കോടതിയലക്ഷ്യം എന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്.
Leave a Comment