X

മുത്തലാഖ് ബില്ലിനെതിരെ പ്രതിപക്ഷത്തോടൊപ്പം ബിജെപി സഖ്യകക്ഷിയായ ജെഡിയു

ബില്‍ മതിയായ ചര്‍ച്ചയില്ലാതെ തിടുക്കപ്പെട്ട് തയ്യാറാക്കിയതാണ് എന്ന് ജെഡിയു നേതാവ് വഷിഷ്ട നാരായണ്‍ സിംഗ് കുറ്റപ്പെടുത്തി.

മുത്തലാഖ് ബില്ലിനെതിരായ പ്രതിഷേധത്തില്‍ പ്രതിപക്ഷത്തിന് പിന്തുണയുമായി ബിജെപി സഖ്യകക്ഷിയായ ജെഡിയു. മുത്തലാഖ് ബില്ലില്‍ രൂക്ഷ വിമര്‍ശനമാണ് ബിജെപിക്കെതിരെ ജെഡിയു ഉന്നയിച്ചത്. മുത്തലാഖ് ബില്ല് വീണ്ടും രാജ്യസഭയില്‍ കൊണ്ടുവന്നാല്‍ എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന് ജെഡിയു വ്യക്തമാക്കി. ബില്ലിലെ വ്യവസ്ഥകള്‍ മുസ്ലീങ്ങള്‍ക്കെതിരാണ് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ലോക്‌സഭയില്‍ ഭൂരിപക്ഷമുള്ളതിനാല്‍ ബില്‍ പാസാക്കാന്‍ കഴിഞ്ഞെങ്കിലും രാജ്യസഭയില്‍ പ്രതിപക്ഷ എതിര്‍പ്പില്‍ അനിശ്ചിതത്വത്തിലാണ് മുത്തലാഖ് ബില്‍.

ഏകപക്ഷീയമായി മൂന്ന് തലാഖ് ചൊല്ലി വിവഹമോചനം ചെയ്യുന്ന പുരുഷന്മാര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ്ശിക്ഷ നല്‍കുന്ന വ്യവസ്ഥയാണ് ഏറ്റവും വിവാദമായത്. ബില്‍ മതിയായ ചര്‍ച്ചയില്ലാതെ തിടുക്കപ്പെട്ട് തയ്യാറാക്കിയതാണ് എന്ന് ജെഡിയു നേതാവ് വഷിഷ്ട നാരായണ്‍ സിംഗ് കുറ്റപ്പെടുത്തി. സഭയില്‍ ബില്‍ വന്നാല്‍ തങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന് വഷിഷ്ട നാരായണ്‍ സിംഗ് എന്‍ഡിടിവിയോട് പറഞ്ഞു.

മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ബിജെപിക്ക് മേല്‍ സഖ്യകക്ഷികള്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ്. ബിഹാറില്‍ ഉപേന്ദ്ര കുശ്വാഹയുടെ ആര്‍ എല്‍ എസ് പി (രാഷ്ട്രീയ ലോക് സമത പാര്‍ട്ടി) നേരത്തെ തന്നെ ബിജെപി സഖ്യം വിട്ടിരുന്നു. തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയും ജെഡിയുവും സമ്മര്‍ദ്ദം ശക്തമാക്കി. ബിജെപി – സംഘപരിവാര്‍ പരിപാടിയായ അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തെ അനുകൂലിക്കുന്നില്ലെന്ന് ഇരു പാര്‍ട്ടികളും വ്യക്തമാക്കിയിരുന്നു.

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എല്‍ജെപിക്കുണ്ടായിരുന്ന അതൃപ്തി രാജ്യസഭ സീറ്റ് വാഗ്ദാനത്തിലൂടെ തല്‍ക്കാലം തണുപ്പിച്ചെങ്കിലും ബിജെപിയുടെ തലവേദന ഒഴിഞ്ഞിരുന്നില്ല. യുപിയിലെ സഖ്യകക്ഷിയായ അപ്‌നാ ദളും ഇടഞ്ഞുനില്‍ക്കുകയാണ്. റാഫേലില്‍ ജെപിസി അന്വേഷണമെന്ന പ്രതിപക്ഷ ആവശ്യത്തെ പിന്തുണയ്ക്കുകയാണ് എന്‍ഡിഎ വിട്ടിട്ടും മോദി സര്‍ക്കാരിനുള്ള പിന്തുണ തുടരുന്ന ശിവസേന. റാഫേലില്‍ ജെഡിയു നിലപാട് വ്യക്തമാക്കിയിട്ടില്ല. രണ്ട് ജെഡിയു എംപിമാര്‍ അതേസമയം മുത്തലാഖ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

This post was last modified on January 3, 2019 4:26 pm

Related Post
Leave a Comment