X

ജസ്റ്റിസ് ലോയയുടെ മരണം: ദുരൂഹതയില്ലെന്ന് പറഞ്ഞ രണ്ട് ജഡ്ജിമാര്‍ സീനിയോറിറ്റി മറികടന്ന് ഹൈക്കോടതിയിലേക്ക്

ലോയയുടെ സഹപ്രവര്‍ത്തകരായ ഈ ജഡ്ജിമാരുടെ മൊഴി അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബഞ്ച് അന്വേഷണം വേണമെന്ന ആവശ്യം തള്ളിയത്.

സിബിഐ ജഡ്ജിയായിരുന്ന ജസ്റ്റിസ് ബിഎച്ച് ലോയയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് സുപ്രീം കോടതിയില്‍ മൊഴി നല്‍കിയ രണ്ട് കീഴ്‌ക്കോടതി ജഡ്ജിമാര്‍ക്ക് സ്ഥാനക്കയറ്റം. ജസ്റ്റിസ് എസ്എം മോദക്, ജസ്റ്റിസ് വിജി ജോഷി എന്നിവരെയാണ് ബോംബെ ഹൈക്കോടതിയിലേയ്ക്ക് ഉയര്‍ത്തിയത് എന്ന് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റ് നാല് ജഡ്ജിമാര്‍ക്കൊപ്പമാണ് ഇവരെ ഹൈക്കോടതി ജഡ്ജിമാരാക്കി നിയമിച്ചത്. ഹൈക്കോടതി കൊളീജിയം തീരുമാനത്തിന് സുപ്രീം കോടതി കൊളീജിയം അംഗീകാരം നല്‍കി.

ലോയയുടെ സഹപ്രവര്‍ത്തകരായ ഈ ജഡ്ജിമാരുടെ മൊഴി അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബഞ്ച് അന്വേഷണം വേണമെന്ന ആവശ്യം തള്ളിയത്. 2014 നവംബര്‍ 30നോ ഡിസംബര്‍ ഒന്നിനോ ആണ് നാഗ്പൂരില്‍ വച്ച് ജസ്റ്റിസ് ലോയയുടെ മരണം. സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് തങ്ങള്‍ നാഗ്പൂരിലെത്തിയത് എന്നാണ് രണ്ട് ജഡ്ജിമാര്‍ പറയുന്നത്.

അതേസമയം വിവരാവകാശ അന്വേഷണം ജസ്റ്റിസ് ലോയയും മറ്റ് ജഡ്ജിമാരും താമസിച്ചതായി പറയപ്പെടുന്ന നാഗ്പൂരിലെ രവി ഭവന്‍ ഗസ്റ്റ് ഹൗസിലെത്തിയപ്പോള്‍ ജഡ്ജിമാരുടെ മൊഴിയും ഗസ്റ്റ് ഹൗസ് ജീവനക്കാരുടെ മൊഴിയും തമ്മിലുള്ള വൈരുദ്ധ്യം പ്രകടമായിരുന്നു. കാരവാന്‍ മാഗസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പറയുന്നത്. ലോയ രവി ഭവനില്‍ താമസിച്ചതിന് തന്നെ തെളിവില്ല എന്നാണ്. ജഡ്ജമാരുടെ മൊഴിയുടെ വിശ്വസനീയത കാരവാന്റെ വിവിധ റിപ്പോര്‍ട്ടുകള്‍ ചോദ്യം ചെയ്തിരുന്നു.

READ ALSO: ജസ്റ്റിസ് ലോയ ശരിക്കും രവിഭവനില്‍ താമസിച്ചിരുന്നോ? കാരവന്‍ അന്വേഷണം

സീനിയര്‍ ജഡ്ജിമാരെ മറികടന്നാണ് ഈ രണ്ട് ജഡ്ജിമാര്‍ അടക്കമുള്ളവരെ ഇപ്പോള്‍ ഹൈക്കോടതിയിലേയ്ക്ക് ഉയര്‍ത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. നിലവില്‍ മഹാരാഷ്ട്ര ലോ ആന്‍ഡ് ജുഡീഷ്യറി ഡിപ്പാര്‍ട്ടമെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എന്‍ജെ ജമാദാര്‍ അടക്കമുള്ളവരെ ഇത്തരത്തില്‍ നിയമിച്ചിരിക്കുന്നു. 2017 നവംബര്‍ 28ന് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കെയാണ് ഹൈക്കോടതി കൊളീജിയം ആറ് പേരുകള്‍ ശുപാര്‍ശ ചെയ്തത്. മഞ്ജുള ചെല്ലൂര്‍ വിരമിക്കുന്നതിന് ഒരാഴ്ച മുമ്പായിരുന്നു ഇത്. 2018 ഏപ്രിലില്‍ മഞ്ജുള ചെല്ലൂരിനെ ഇലക്ട്രിസിറ്റി അപ്പാലറ്റ് ട്രൈബ്യൂണല്‍ ചെയര്‍പേഴ്‌സണായി സര്‍ക്കാര്‍ നിയമിച്ചു. ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന, സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കൊല കേസില്‍ വാദം കേള്‍ക്കാനിരിക്കുകയായിരുന്നു ജസ്റ്റിസ് ലോയ. ലോയയുടെ മരണത്തിന് ആഴ്ചകള്‍ക്കുള്ളില്‍ സിബിഐ ജഡ്ജി എംബി ഗോസാവി, അമിത് ഷായെ കുറ്റവിമുക്തനാക്കി.

ജസ്റ്റിസ് ലോയ: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍; പോസ്റ്റ്‌ മോര്‍ട്ടത്തിലും തിരിമറി; പിന്നില്‍ മഹാരാഷ്ട്ര മന്ത്രിയുടെ ഭാര്യാസഹോദരന്‍

ജസ്റ്റിസ് ലോയയുടെ മരണം: സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സര്‍ക്കാര്‍ രേഖകള്‍ പരസ്പര വിരുദ്ധം, ഉയര്‍ത്തുന്നത് കൂടുതല്‍ ചോദ്യങ്ങള്‍

This post was last modified on September 19, 2018 2:20 pm