X

ഒടുവില്‍ കമല്‍ ഉറപ്പിച്ചു; പാര്‍ട്ടി ഫെബ്രുവരി 21നു; പ്രഖ്യാപനം ജന്മനാടായ രാമനാഥപുരത്ത്

പാര്‍ട്ടി ആശയങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കാന്‍ സംസ്ഥാന വ്യാപക യാത്ര

രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഫെബ്രുവരി 21 നെന്ന് നടന്‍ കമല്‍ ഹാസന്‍. ഇന്നലെയാണ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഔദ്യോഗികമായി നടന്‍ മാധ്യമങ്ങളെ അറിയിച്ചത്. പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്നോടിയായി 21 ന് രാമനാഥപുരത്ത് നിന്ന് രാഷ്ട്രീയ പ്രഖ്യാപന റാലി നടത്തുമെന്നും കമല്‍ ഹാസന്‍ പറഞ്ഞു. പ്രഖ്യാപന റാലിയില്‍ പുതിയ പാര്‍ട്ടിയുടെ പേരും നയ പരിപാടികളും പ്രഖ്യാപിക്കുമെന്നും കമല്‍ പറഞ്ഞു. ഏറെക്കാലമായി തമിഴ്നാടിന്റെ രാഷ്ട്രീയത്തെ ചൂഴ്ന്നുനില്‍ക്കുന്ന അപകടങ്ങളെ ഇല്ലായ്മചെയ്യുക എന്നതായിരിക്കും പാര്‍ട്ടിയുടെ ലക്ഷ്യമെന്നും കമല്‍ ഹാസന്‍ പ്രസ്താവനയില്‍ പറഞ്ഞു. ആശയങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കേണ്ടതുണ്ട്. അതിനായാണ് സംസ്ഥാന വ്യാപകമായി യാത്ര നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്ക് എന്താണു വേണ്ടതെന്നു മനസ്സിലാക്കണം. അവരുടെ പ്രശ്‌നങ്ങള്‍ കണ്ടറിയണം. ഗ്ലാമര്‍ പരിവേഷത്തിനോ വിപ്ലവമുണ്ടാക്കാനോ അല്ല തന്റെ പര്യടനം. ജനങ്ങളെ കണ്ടെത്താനും മനസ്സിലാക്കാനും ഒരു അവസരമായാണ് ഇതിനെ കാണുന്നത്. സംസ്ഥാനത്തെയും രാജ്യത്തെയും ശക്തമാക്കാന്‍ തനിക്കൊപ്പം ചേരാന്‍ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. ജന്മനാടായ രാമനാഥപുരത്തുനിന്ന് ആരംഭിക്കുന്ന യാത്ര മധുര, ഡണ്ടിഗല്‍, ശിവഗംഗ തുടങ്ങിയ ജില്ലകളിലൂടെ കടന്നുപോകും. വിവിധ ഘട്ടങ്ങളായാണ് യാത്ര പൂര്‍ണമാകുക.

നേരത്തെ നൂറ് ദിവസത്തിനുള്ളില്‍ തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ താന്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നിലവിലുള്ള ഒരു പാര്‍ട്ടികളുമായും താന്‍ മുന്നണിയുണ്ടാക്കില്ലെന്നും ഒറ്റയ്ക്ക് നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിനൊരുങ്ങുന്ന നടന്‍ രജനികാന്തുമായി കമല്‍ ഹാസന്‍ ഇത് സംബന്ധിച്ച്
ചര്‍ച്ച നടത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെയും കമല്‍ ഹാസന്‍ സന്ദര്‍ശിച്ചിരുന്നു.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും താന്‍ സഹകരിക്കാന്‍ തയ്യാറാണ്. എന്നാല്‍ ആരുമായും കൂട്ടുകച്ചവടത്തിനില്ല. തമിഴകം ഭരിക്കുന്ന അണ്ണാ ഡിഎംകെയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ സഹിക്കാവുന്നതിലും അപ്പുറമാണ്. നിര്‍ബന്ധിപ്പിച്ചു വിവാഹം കഴിപ്പിച്ച പെണ്‍കുട്ടിയുടെ അവസ്ഥയിലാണ് തമിഴ്നാട്ടിലെ ജനങ്ങള്‍. അവര്‍ക്ക് അതില്‍നിന്നും പുറത്തുകടക്കണമെന്നുണ്ടെന്നും കമല്‍ ഹാസന്‍ അഭിപ്രായപ്പെട്ടിരുന്നു.

‘കാവിയല്ല എന്റെ നിറം’; അത്രമേല്‍ പ്രഹരശേഷിയുണ്ട് ഈ വാക്കുകള്‍ക്ക്

This post was last modified on January 17, 2018 12:08 pm