X

‘ഇലയിട്ടതിനുശേഷം ഭക്ഷണം ഇപ്പോള്‍ വേണ്ടെന്ന് പറഞ്ഞാല്‍ പിന്നെ എന്തിനാണ് പന്തിയിലിരുന്നത്?’ തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയ രജനിയെ പരിഹസിച്ച് കമല്‍

താന്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കഴിഞ്ഞ ദിവസം പത്രക്കുറിപ്പിലൂടെ രജനീകാന്ത് അറിയിച്ചിരുന്നു

ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ രജനീകാന്തിനെ പരോക്ഷമായി പരിഹസിച്ചും വിമര്‍ശിച്ചും നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. മീശപിരിച്ച് ഗോദയില്‍ ഇറങ്ങിയതിനുശേഷം പോരാട്ടം പിന്നെയാകാമെന്ന് പറയുന്നത് ശരിയല്ലെന്ന് ചെന്നൈയിലെ ഒരു കോളേജില്‍ നടന്ന സംവാദപരിപാടിയില്‍ കമല്‍ഹാസന്‍ പറഞ്ഞു. ഇലയിട്ടതിനുശേഷം ഭക്ഷണം ഇപ്പോള്‍ വേണ്ടെന്ന് പറഞ്ഞാല്‍ പിന്നെ എന്തിനാണ് പന്തിയിലിരുന്നതെന്ന ചോദ്യമുണ്ടാകുമെന്നും കമല്‍ പ്രതികരിച്ചു.

താന്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കഴിഞ്ഞ ദിവസം പത്രക്കുറിപ്പിലൂടെ രജനീകാന്ത് അറിയിച്ചിരുന്നു. താനോ രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റാന്‍ ഉദ്ദേശിച്ചിരുന്ന തന്റെ ഫാന്‍സ് അസോസിയേഷനോ (രജനി മക്കള്‍ മന്‍ട്രം) തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്ന് രജനി വ്യക്തമാക്കി. ഒരു പാര്‍ട്ടിക്കും മുന്നണിക്കും പിന്തുണ പ്രഖ്യാപിക്കുന്നില്ലെന്ന് രജനീകാന്ത് പ്രസ്താവനയില്‍ പറയുന്നു. തന്റെ ചിത്രങ്ങളോ തന്റെ സംഘടനയുടെ ചിഹ്നമോ ആരും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത് എന്ന് രജനി അഭ്യര്‍ത്ഥിച്ചു.

തമിഴ്നാടിന്റെ ജല പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ കഴിയുന്നവര്‍ക്കും കേന്ദ്രത്തില്‍ സ്ഥിരതയുള്ള ഭരണം കാഴ്ച വയ്ക്കുന്നവര്‍ക്കും വോട്ട് ചെയ്യാനാണ് ആര്‍എംഎം അംഗങ്ങളോട് താരത്തിന്റെ ആഹ്വാനം. ജലക്ഷാമമാണ് തമിഴ്നാടിന്റെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന്. ബുദ്ധിപൂര്‍വം ആലോചിച്ച് ഇതിന് പരിഹാരം കാണാന്‍ കഴിയുന്നവര്‍ക്ക് വോട്ട് ചെയ്യുക രജനി പറഞ്ഞു.

2017 ഡിസംബര്‍ 31-നാണ് രജനീകാന്ത് രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ പാര്‍ട്ടി സംബന്ധിച്ച് ഇതുവരെ വ്യക്തതയായിട്ടില്ല. കമല്‍ ഹാസനാകട്ടെ 2108ല്‍ മക്കള്‍ നീത് മയ്യം എന്ന പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു. ലോക്സഭ തിരഞ്ഞെടുപ്പില്‍ താനും തന്റ പാര്‍ട്ടിയും മത്സരിക്കുമെന്ന് കമല്‍ഹാസന്‍ വ്യക്കമാക്കിയിട്ടുണ്ട്. ആകെയുള്ള 39 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് കമല്‍ഹാസന്റെ പാര്‍ട്ടി ആലോചിക്കുന്നത്.

നോട്ട് നിരോധനമടക്കമുള്ളവയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും പിന്തുണച്ചിരുന്ന രജനീകാന്ത് പിന്നീട് നിലപാട് മാറ്റിയിരുന്നു. ബിജെപി അപകടകാരിയെന്ന് തമിഴ്നാട്ടില്‍ എല്ലാവരും കരുതുന്നുണ്ടെങ്കില്‍ അത് ശരിയായിരിക്കുമെന്നും നോട്ട് നിരോധനം മതിയായ പഠനങ്ങള്‍ക്ക് ശേഷം മാത്രമേ നടപ്പാക്കാന്‍ പാടുള്ളായിരുന്നുള്ളൂ എന്നും രജനികാന്ത് പറഞ്ഞിരുന്നു.

This post was last modified on February 18, 2019 9:58 am