X

കേജ്രിവാളിനെതിരെ കോഴ ആരോപണം ഉന്നയിച്ച കപില്‍ മിശ്രയ്ക്ക് ഡല്‍ഹിയില്‍ മര്‍ദ്ദനം

അഞ്ച് നേതാക്കളുടെ വിദേശയാത്ര സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാണ് കപില്‍ മിശ്രയുടെ ആവശ്യം.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ രണ്ട് കോടി രൂപ കോഴ വാങ്ങിയതായി ആരോപിച്ച മുന്‍ എഎപി മന്ത്രി കപില്‍ മിശ്രയ്ക്ക് നേരെ ആക്രമണം. ആം ആദ്മി പാര്‍ട്ടി നേതാക്കളുടെ വിദേശയാത്രാ ചിലവുകളും വിവരങ്ങളും വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ന്യൂഡല്‍ഹിയില്‍ നിരാഹാര സത്യാഗ്രഹം നടത്തുന്നയിടത്താണ് കപില്‍ മിശ്രയ്ക്ക് മര്‍ദ്ദനമേറ്റത്. അതേസമയം കപില്‍ മിശ്രയെ മര്‍ദ്ദിച്ചത് അങ്കിത് ഭരദ്വാജ് എന്ന ബിജെപി പ്രവര്‍ത്തകനാണെന്ന് എഎപി ആരോപിച്ചു.

അഞ്ച് നേതാക്കളുടെ വിദേശയാത്ര സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാണ് കപില്‍ മിശ്രയുടെ ആവശ്യം. സത്യേന്ദ്ര ജയിന്‍, ആശിഷ് ഖേത്തന്‍, സഞ്ജയ് സിംഗ് തുടങ്ങിവരുടെ വിദേശയാത്രകള്‍ സംബന്ധിച്ച് അന്വേഷിക്കണമെന്നാണ് കപില്‍ മിശ്രയുടെ ആവശ്യം. കേജ്രിവാള്‍ വിവരം പുറത്ത് വിടാന്‍ തയ്യാറാകുന്നത് വരെ താന്‍ വെള്ളം മാത്രമേ കുടിക്കൂ എന്നും ഭക്ഷണം കഴിക്കില്ലെന്നും മിശ്ര പറഞ്ഞു. തിരഞ്ഞെടുപ്പ് ചിലവിന് പണമില്ലെന്ന് പറയുന്ന നിങ്ങള്‍ വിദേശയാത്രകള്‍ക്ക് എവിടെ നിന്ന് പണം കണ്ടെത്തുന്നു. ഈ വിവരങ്ങള്‍ പുറത്ത് വന്നാല്‍ കേജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ടി വരുമെന്ന് കപില്‍ മിശ്ര അഭിപ്രായപ്പെട്ടു.

തന്നെ വെടി വച്ച് കൊല്ലുമെന്ന് പറഞ്ഞ് വിദേശത്ത് നിന്ന് ഭീഷണി ഫോണ്‍ കോള്‍ വന്നതായും കപില്‍ മിശ്ര പറയുന്നു. കേജ്രിവാളിനും എഎപി നേതാക്കള്‍ക്കുമെതിരായ തെളിവുകള്‍ എന്നവകാശപ്പെട്ട് ചില കവറുകള്‍ കപില്‍ മിശ്ര സിബിഐയ്ക്ക് കൈമാറിയിട്ടുണ്ട്. കേജ്രിവാള്‍ രണ്ട് കോടി രൂപ കോഴ വാങ്ങിയെന്നും സത്യേന്ദ്ര ജയിനാണ് കോഴപ്പണം കൈമാറിയതെന്നും അടക്കമുള്ള ആരോപണങ്ങള്‍ ഇതിലുണ്ട്.