X

കേരളത്തിന് യുഎന്‍ സഹായം വേണ്ടെന്ന് കേന്ദ്രം; ആവശ്യമുണ്ടെങ്കില്‍ സഹായിക്കുമെന്ന് യുഎന്‍

ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട് ഇതില്‍ കേരള സര്‍ക്കാരും തൃപ്തരാണ്. അതിനാല്‍ വിദേശ ഏജന്‍സികളുടെ സഹായം ആവശ്യമില്ലെന്നാണ് കേന്ദ്ര തീരുമാനം എന്ന്.

കേരളത്തിലെ പ്രളയ ദുരന്തവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സഹായങ്ങള്‍ ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇപ്പോഴത്തെ സ്ഥിതിയില്‍ ഇന്ത്യയ്ക്ക് തനിച്ച് നിയന്ത്രിക്കാന്‍ സാധിക്കും എന്നതിനാലാണ് പുറത്തുനിന്നുള്ള സഹായം ആവശ്യമില്ലെന്ന് പറയുന്നതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. ഐക്യരാഷ്ട്ര സംഘടനയില്‍ നിന്നും ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുമുള്ള സഹായങ്ങള്‍ തല്‍ക്കാലം വേണ്ടെന്ന് കേന്ദ്രം പറയുന്നു. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട് ഇതില്‍ കേരള സര്‍ക്കാരും തൃപ്തരാണ്. അതുകൊണ്ട് കൂടുതല്‍ വിദേശ സഹായം ആവശ്യമില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

അതേസമയം ഈ ദുരന്തത്തെ നേരിടാനുള്ള ശേഷി ഇന്ത്യക്കുണ്ടെന്നും ന്യൂഡല്‍ഹിയിലെ യുഎന്‍ ഓഫീസ് ആവശ്യമായ സഹായം എത്തിക്കുമെന്നും യുഎന്‍ അറിയിച്ചു. ഇന്ത്യ ആവശ്യപ്പെടുന്ന പക്ഷം എന്ത് സഹായവും നല്‍കാന്‍ തയ്യാറാണെന്ന് നേരത്തെ കേന്ദ്രസര്‍ക്കാരിനെ യുഎന്‍ അറിയിച്ചിരുന്നു. ഇന്ത്യ നിര്‍ദ്ദേശിക്കുന്ന സഹായങ്ങള്‍ ചെയ്യാമെന്നാണ് ഐക്യരാഷ്ട്രസഭ അറിയിച്ചിരിക്കുന്നത്. ദുരിതാശ്വാസത്തിലും പുനര്‍നിര്‍മ്മാണത്തിലും പങ്കുചേരാമെന്നുമാണ് ഐക്യരാഷ്ട്ര സംഘടന അറിയിച്ചിരിക്കുന്നത്.

നിരവധി വീടുകള്‍ പുനര്‍നിര്‍മ്മാണം നടത്തേണ്ടതുണ്ട്. തകര്‍ന്ന റോഡുകള്‍ ഗതാഗതയോഗ്യമാക്കണം. വീടും സ്ഥലവും നഷ്ടപ്പെട്ടവരുണ്ട്, വരുമാനമാര്‍ഗമില്ലാതായവരുണ്ട്. വൈദ്യുതി, ടെലിഫോണ്‍ തുടങ്ങി എല്ലാ സംവിധാനങ്ങളും തകരാറിലായിരിക്കുകയാണ്. നിലവില്‍ 10,28,703 പേരാണ് ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുന്നത്. ഇവരുടെയെല്ലാം പുനരധിവാസടക്കം വലിയ വെല്ലുവിളിയാണ് കേരളത്തിന് മുന്നിലുള്ളത്.

This post was last modified on August 21, 2018 4:31 pm