X

കെവിന്‍ വധ കേസ്: കൈക്കൂലി വാങ്ങിയ എഎസ്‌ഐയെ പിരിച്ചുവിട്ടു

ബിജു ഔചിത്യത്തോടെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ കെവിന്‍ കൊല്ലപ്പെടില്ലായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കെവിന്‍ വധ കേസില്‍ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയ കോട്ടയം ഗാന്ധിനഗര്‍ എ എസ് ഐ ടിഎം ബിജുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ജില്ല പൊലീസ് മേധാവി ഹരിശങ്കറാണ് നടപടി സ്വീകരിച്ചത്. പൊലീസ് ഡ്രൈവര്‍ എംഎന്‍ അജിത് കുമാറിന്റെ മൂന്ന് വര്‍ഷത്തെ ആനുകൂല്യങ്ങള്‍ റദ്ദാക്കാനും തീരുമാനിച്ചു. കെവിന്‍ വധക്കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയില്‍ നിന്ന് ഇരുവരും 2000 രൂപ കൈക്കൂലി വാങ്ങിയതായാണ് പരാതി. മുന്‍ എസ് ഐ എംഎസ് ഷിബു, റൈറ്റര്‍ സണ്ണിമോന്‍ എന്നിവര്‍ക്കെതിരായ അന്വേഷണം തുടരുകയാണ്. കെവിനെ തട്ടിക്കൊണ്ടുപോയി കെവിനെ ഭാര്യ നീനു ചാക്കോയുടെ സഹോദരന്‍ അടക്കമുള്ള ബന്ധുക്കള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. ജാതിയുടെ പേരിലുള്ള ദുരഭിമാന കൊലയാണ് നടന്നത് എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഗുണ്ടാസംഘം കെവിനെ തട്ടിക്കൊണ്ടുപോയ വിവരം ഗാന്ധിനഗർ എഎസ്ഐ ടി.എം. ബിജുവിന് അറിയാമായിരുന്നതായി പൊലീസ് കോടതിയില്‍ പറഞ്ഞിരുന്നു.

കേസ് ഒത്തുതീര്‍ക്കാന്‍ പൊലീസ് നടത്തിയ ഇടപെടലുകളാണ് കെവിന്റെ കൊലപാതകത്തിലേയ്ക്ക് നയിച്ചത് എന്നായിരുന്നു പരാതി. നീനുവിന്റെ സഹോദരനായ ഷാനു ചാക്കോയും അക്രമിസംഘവും മാന്നാനത്ത് എത്തിയപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്‌ഐ ബിജുവും അജയ് കുമാറും ഇവരെ കണ്ടിരുന്നു. ബിജു ഔചിത്യത്തോടെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ കെവിന്‍ കൊല്ലപ്പെടില്ലായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുക്കാതിരിക്കാനാണ് കൈക്കൂലി വാങ്ങിയതെന്നും കെവിനെ തട്ടിക്കൊണ്ടുപോകുന്ന കാര്യം അറിയില്ലായിരുന്നുവെന്നുമാണ് ബിജു മൊഴി നല്‍കിയിരുന്നത്. ഡി വൈ എസ് പി ആര്‍ പാര്‍ത്ഥസാരഥി പിള്ളയാണ് കെവിന്‍ വധത്തിലേയ്ക്ക് നയിച്ച പൊലീസ് വീഴ്ച സംബന്ധിച്ച് അന്വേഷണം നടത്തിയത്. എസ്‌ഐ എംഎസ് ഷിബുവിനും റൈറ്റര്‍ സണ്ണിമോനുമെതിരായ അന്വേഷണവും ക്രിമിനല്‍ കേസും തുടരും.

ആതിര, കെവിന്‍; ‘അഭിമാനം’ സംരക്ഷിക്കാന്‍ കൊന്നു കൂട്ടുകയാണ് കേരളവും

This post was last modified on November 8, 2018 8:26 pm