X

തിരുവനന്തപുരമടക്കം ആറ് പൊതുമേഖല വിമാനത്താവളങ്ങള്‍ പൊതു – സ്വകാര്യ പങ്കാളിത്തത്തിലേയ്ക്ക് മാറ്റാന്‍ കേന്ദ്ര തീരുമാനം

അടിസ്ഥാനസൗകര്യ വികസനത്തിന് പിപിപി കൂടുതല്‍ സഹായകമാകുമെന്നാണ് അവകാശവാദം. സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും സൗകര്യങ്ങളില്‍ ഉന്നതനിലവാരം പുലര്‍ത്താനും പിപിപി മോഡലുകള്‍ ലോകത്താകെ വിമാനത്താവളങ്ങളെ സഹായിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

തിരുവനന്തപുരമടക്കം നിലവില്‍ പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആറ് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തിലേയ്ക്ക് (പിപിപി – പബ്ലിക്-പ്രൈവറ്റ് പാര്‍ട്ട്‌നര്‍ഷിപ്പ്) മാറ്റുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ് മോദി അധ്യക്ഷനായ കാബിനറ്റ് കമ്മിറ്റിയാണ് നിലവില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) നിയന്ത്രണത്തിലുള്ള വിമാനത്താവളങ്ങള്‍ പിപിപി മോഡലിലേയ്ക്ക് മാറ്റുന്നതിന് അംഗീകാരം നല്‍കിയത്. തിരുവനന്തപുരത്തിന് പുറമെ അഹമ്മദാബാദ്, ജയ്പൂര്‍, ലക്‌നൗ, ഗുവാഹത്തി, മംഗളൂരു എയര്‍പോര്‍ട്ടുകളാണ് പിപിപിയിലേയ്ക്ക് മാറ്റുന്നത്.

ഈ വിമാനത്താവളങ്ങളുടെ നടത്തിപ്പും പ്രവര്‍ത്തന നിയന്ത്രണവും പിപിപിഎസി (പബ്ലിക് പ്രൈവറ്റ് പാര്‍ട്ട്‌നര്‍ഷിപ്പ് അപ്രൈസല്‍ കമ്മിറ്റി) വഴി നടത്തും.
നിതി ആയോഗ് സിഇഒ, വ്യോമയാന മന്ത്രാലയ സെക്രട്ടറി, സാമ്പത്തികകാര്യ സെക്രട്ടറി, എക്‌സ്‌പെന്‍ഡിച്ചര്‍ വകുപ്പ് സെക്രട്ടറി, തുടങ്ങിയവരടങ്ങിയ എംപവേര്‍ഡ് ഗ്രൂപ്പ് രൂപീകരിക്കും. പിപിപിഎസിയ്ക്ക് അപ്രാപ്യമായ വിഷയങ്ങളില്‍ ഈ ഉന്നതാധികാര സമിതി തീരുമാനങ്ങളെടുക്കും.

അടിസ്ഥാനസൗകര്യ വികസനത്തിന് പിപിപി കൂടുതല്‍ സഹായകമാകുമെന്നാണ് അവകാശവാദം. സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും സൗകര്യങ്ങളില്‍ ഉന്നതനിലവാരം പുലര്‍ത്താനും പിപിപി മോഡലുകള്‍ ലോകത്താകെ വിമാനത്താവളങ്ങളെ സഹായിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. യാതൊരു നിക്ഷേപവുമില്ലാതെ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് വരുമാനം വര്‍ദ്ധിപ്പിക്കാനാകും. ഡല്‍ഹി, മുംബയ്, ബംഗളൂരു, ഹൈദരാബാദ്, കൊച്ചി എയര്‍പോര്‍ട്ടുകളും നിലവില്‍ പിപിപി മാതൃകയിലാണുള്ളത്. എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണലിന്റെ (എസിഐ) എയര്‍പോര്‍ട്ട് സര്‍വീസ് ക്വാളിറ്റി പരിശോധനയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ പിപിപി എയര്‍പോര്‍ട്ടുകള്‍ ഇടം പിടിച്ചിരുന്നു.

This post was last modified on November 8, 2018 9:26 pm