X

ലാവ്‌ലിന്‍ കേസിലെ ഇടപെടലില്‍ പിണറായി പക പോക്കുന്നു: കെഎം ഷാജഹാന്‍

അറസ്റ്റ് ഭരണഘടന ലംഘനമാണ്. ഒരു കുറ്റവും ചെയ്യാത്ത തനിക്ക് നീതി കിട്ടിയേ മതിയാകു.

മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നോട് വ്യക്തി വിരോധം തീര്‍ക്കുന്നുവെന്ന് ഡിജിപി ഓഫിസിന് മുന്നില്‍ സമരത്തിനെത്തിയപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്ത കെഎം ഷാജഹാന്‍. അറസ്റ്റ് ഭരണഘടന ലംഘനമാണ്. ഒരു കുറ്റവും ചെയ്യാത്ത തനിക്ക് നീതി കിട്ടിയേ മതിയാകു. നടപടി വ്യക്തിവൈരാഗ്യവും രാഷ്ട്രീയ പകപോക്കലുമാണെന്നും ഷാജഹാന്‍ ആരോപിച്ചു. ലാവ്ലിന്‍ കേസില്‍ ഇടപെട്ടതിനുള്ള വ്യക്തി വൈരാഗ്യമാണോ കാരണമെന്ന മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്താ സംശയം എന്നായിരുന്നു മറുപടി. തിരുവനന്തപുരം ലോ അക്കാഡമിയില്‍ പൊലീസ് കാവലില്‍ എല്‍എല്‍ബി പരീക്ഷ എഴുതാന്‍ എത്തിയപ്പോഴാണ് പ്രതികരണം.

ഷാജഹാന്റെ അറസ്റ്റിന് പിന്നില്‍ ലാവ്‌ലിന്‍ കേസില്‍ ഇടപെട്ടതിലുള്ള പിണറായി വിജയന്റെ പകപോക്കലാണെന്ന് തങ്കമ്മ ആരോപിച്ചിരുന്നു. ജിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും ഡിജിപി ഓഫിസിന് മുന്നില്‍ നടത്തിയ സമരവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പുറത്ത് നിന്നുള്ളവര്‍ നുഴഞ്ഞുകയറി പ്രശ്‌നമുണ്ടാക്കിയെന്നും ഇതില്‍ ഷാജഹാന് പങ്കുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. ഇതേ തുടര്‍ന്നാണ് ഷാജഹാന്‍ അടക്കമുള്ള പൊതുപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സമരത്തില്‍ തള്ളിക്കയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന്‍ ആരോപിച്ച് ഷാജഹാന്‍ അടക്കമുള്ള പൊതുപ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തി കേസെടുക്കുകയും ജയിലില്‍ അടയ്ക്കുകയുമായിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്. വിഎസ് അച്യുതാനന്ദന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ ഷാജഹാനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയതാണ്. അന്യായമായി ജയിലടച്ച മകനെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെ വീട്ടില്‍ ഷാജഹാന്റെ അമ്മ എല്‍ തങ്കമ്മ നിരാഹാരസമരം തുടരുകയാണ്.

This post was last modified on April 10, 2017 10:06 am

Related Post
Leave a Comment