X

മുന്‍ ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവിന് പാകിസ്ഥാന്‍ വധശിക്ഷ വിധിച്ചു

കുല്‍ഭൂഷണ് പട്ടാള കോടതി വധശിക്ഷ വിധിച്ചതായി പാക് സൈന്യത്തിന്റെ ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് (ഐ എസ് പി ആര്‍) ആണ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.

ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാകിസ്ഥാന്‍ അറസ്റ്റ് ചെയ്ത മുന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവിന് വധശിക്ഷ വിധിച്ചു. പാക് സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യദ്രോഹക്കുറ്റത്തിനും ബലൂചിസ്ഥാനില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനും കുല്‍ഭൂഷണ് പട്ടാള കോടതി വധശിക്ഷ വിധിച്ചതായി പാക് സൈന്യത്തിന്റെ ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് (ഐ എസ് പി ആര്‍) ആണ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.

ബലൂചിസ്ഥാനില്‍ ചാര പ്രവൃത്തി നടത്തിയെന്നും വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും ആരോപിച്ച് 2016 മാര്‍ച്ചിലാണ് കുല്‍ഭൂഷന്‍ യാദവിനെ അറസ്റ്റ് ചെയ്തത്. ബലൂചിസ്ഥാനെ അസ്ഥിരപ്പെടുത്താന്‍ ഇന്ത്യ നീക്കം നടത്തുന്നതായുള്ള ആരോപണങ്ങള്‍ക്കിടയിലാണ് കുല്‍ഭൂഷണെ അറസ്റ്റ് ചെയ്യുന്നതും. പാകിസ്ഥാന്‍ ആര്‍മി ആക്ട് പ്രകാരം ഫീല്‍ഡ് ജനറല്‍ കോര്‍ട്ട് മാര്‍ഷലിലൂടെയാണ് കുല്‍ഭൂഷണെ വിചാരണ ചെയ്തതെന്ന് പറയുന്നു. ബലൂചിസ്ഥാന്‍ പ്രവിശ്യയിലും കറാച്ചിയിലുമെല്ലാം സംഘര്‍ഷങ്ങളുണ്ടാക്കാനുള്ള ഇന്ത്യന്‍ ചാര സംഘടന റോയുടെ പദ്ധതികളുടെ ഭാഗമായി നിയോഗിക്കപ്പെട്ടയാളാണ് കുല്‍ഭൂഷണ്‍ യാദവ് എന്ന് പാകിസ്ഥാന്‍ ആരോപിക്കുന്നു. ഇക്കാര്യം കുല്‍ഭൂഷണന്‍ കോടതിയില്‍ സമ്മതിച്ചിട്ടുള്ളതായും പാക് അധികൃതര്‍ പറയുന്നു. കുല്‍ഭൂഷണ്‍ കുറ്റം ഏറ്റ് പറയുന്നതിന്റെ വീഡിയോ പാക് സൈന്യം നേരത്തെ പുറത്ത് വിട്ടിരുന്നു. 2003ല്‍ ഇറാനിലെത്തിയ കൂല്‍ഭൂഷണ്‍ ഛഹാബറില്‍ ചെറിയ ബിസിനസ് തുടങ്ങി.

വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാനും പാകിസ്ഥാനെ അസ്ഥിരപ്പെടുത്താനും ശ്രമിക്കുന്നതായും 46 ബില്യണ്‍ ഡോളറിന്റെ പാക് – ചൈന സാമ്പത്തിക ഇടനാഴി പദ്ധതിയെ അട്ടിമറിക്കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ കുല്‍ഭൂഷണ്‍ ഭാഗമാണെന്നാണ് പാകിസ്ഥാന്റെ ആരോപണം. ഹുസൈന്‍ മുബാറക് പട്ടേല്‍ എന്ന പേരിലുള്ള പാസ്‌പോര്‍ട്ടാണ് കുല്‍ഭൂഷണ്‍ ഉപയോഗിച്ചിരുന്നതെന്നും ഇറാനില്‍ താമസിക്കാനുള്ള പെര്‍മിറ്റ് ഇയാള്‍ക്കുണ്ടായിരുന്നതായുമാണ് പാക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയിലെ സംഗ്ലീയാണ് ജന്മസ്ഥലമായി പാസ്‌പോര്‍ട്ടില്‍ കൊടുത്തിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലുതും വിമതപ്രശനം രൂക്ഷവുമായ ബലൂചിസ്ഥാനില്‍ കുഴപ്പമുണ്ടാക്കാന്‍ ഇന്ത്യ ശ്രമിക്കുന്നതായി എല്ലാ കാലത്തും പാകിസ്ഥാന്‍ ആരോപിക്കുന്നതാണ്. അതേസമയം ഇന്ത്യ ഇത്തരം ആരോപണങ്ങള്‍ തള്ളുകയും ചെയ്യാറുണ്ട്. കുല്‍ഭൂഷണ്‍ യാദവിനെതിരെ വ്യക്തമായ തെളിവില്ലെന്നാണ് കഴിഞ്ഞ ഡിസംബറില്‍ പാകിസ്ഥാന്‍ പാര്‍ലമെന്റില്‍ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് പറഞ്ഞത്. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം പാക് ഗവണ്‍മെന്റ് ഈ വാദം തള്ളിക്കളയുകയായിരുന്നു.

This post was last modified on April 10, 2017 6:09 pm