X

1,44,000 കോടിയുടെ ഖനി അഴിമതി: പാട്ട കരാര്‍ പുതുക്കിയത് മനോഹര്‍ പരീഖറെന്ന് ഗോവ മുന്‍ മുഖ്യമന്ത്രി പര്‍സേകര്‍

ഗോവ ഫൗണ്ടേഷന്‍ പര്‍സേക്കര്‍ക്കും രണ്ട് ഉദ്യോഗസ്ഥര്‍ക്കുമെതിരെ ലോകായുക്തയ്ക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. 2014-15ലാണ് 88 മൈനുകളുടെ പാട്ടകരാര്‍ പുതുക്കിയത്. 2018 ഫെബ്രുവരിയില്‍ സുപ്രീം കോടതി ഇത് റദ്ദാക്കിയിരുന്നു.

ഗോവയില്‍ 88 അനധികൃത ഖനികള്‍ പാട്ടത്തിന് നല്‍കിയത് മനോഹര്‍ പരീഖര്‍ ആദ്യം മുഖ്യമന്ത്രിയായിരിക്കെ എന്ന് മുന്‍ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേകര്‍. പാട്ടകാലാവധി രണ്ടാമത് പുതുക്കിയതിലാണ് 1,44,000 കോടി രൂപയുടെ അഴിമതി ആരോപണവും ലോകായുക്ത അന്വേഷണവും. പരീഖര്‍ ആദ്യ തവണ മുഖ്യമന്ത്രിയായിരുന്നപ്പോളാണ് ഈ നയം കൊണ്ടുവന്നതെന്ന് പര്‍സേകര്‍ പറയുന്നു. 2014-15ലാണ് 88 മൈനുകളുടെ പാട്ടകരാര്‍ പുതുക്കിയത്. 2018 ഫെബ്രുവരിയില്‍ സുപ്രീം കോടതി ഇത് റദ്ദാക്കിയിരുന്നു.

തനിക്കെതിപായ കേസ് നടപടി വേഗത്തിലാക്കണമെന്ന് ലക്ഷ്മികാന്ത് പര്‍സേക്കര്‍ ലോകായുക്തയോട് ആവശ്യപ്പെടുന്നു. ഗോവ ഫൗണ്ടേഷന്‍ എന്ന എന്‍ജിഒ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി പാട്ടകരാറുകള്‍ റദ്ദാക്കിയത്. ഗോവ ഫൗണ്ടേഷന്‍ പര്‍സേക്കര്‍ക്കും രണ്ട് ഉദ്യോഗസ്ഥര്‍ക്കുമെതിരെ ലോകായുക്തയ്ക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. ബോംബെ ഹൈക്കോടതിയുടെ ഡല്‍ഹി ബഞ്ച് അംഗീകരിച്ച, സര്‍ക്കാര്‍ നയ പ്രകാരമുള്ള തീരുമാനത്തില്‍ ഞാന്‍ ഉത്തരവാദിയാകുന്നത് എങ്ങനെ എന്ന് പര്‍സേക്കര്‍ ചോദിക്കുന്നു. 2014 നവംബര്‍ അഞ്ച് മുതല്‍ 2015 ജനുവരി 12 വരെയാണ് പാട്ട കരാറുകള്‍ പുതുക്കി നല്‍കിയത്.

2012 മാര്‍ച്ച് ഒമ്പത് മുതല്‍ 2014 നവംബര്‍ എട്ട് വരെയാണ് പരീഖര്‍ ആദ്യം ഗോവ മുഖ്യമന്ത്രിയായിരുന്നത്. പ്രതിരോധ മന്ത്രിയായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കുകയായിരുന്നു. പിന്നീട് നിയമസഭ തിരഞ്ഞെടുപ്പിന് 2017 മാര്‍ച്ച് 14ന് പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയോടെ ബിജെപി സര്‍ക്കാരുണ്ടാക്കിയപ്പോള്‍ മനോഹര്‍ പരീഖര്‍ വീണ്ടും മുഖ്യമന്ത്രിയായി. അതുവരെ മുഖ്യമന്ത്രിയായിരുന്ന ലക്ഷ്മികാന്ത് പര്‍സേകര്‍ തിരഞ്ഞെടുപ്പില്‍ നോര്‍ത്ത് ഗോവയിലെ മാന്‍ദ്രെം സീറ്റില്‍ മത്സരിച്ച പര്‍സേകര്‍ തോറ്റിരുന്നു.