X

ശശി തരൂരിനെതിരെ തിരുവനന്തപുരത്ത് ഇടതുമുന്നണി നമ്പി നാരായണനെ ഇറക്കുമോ?

കോണ്‍ഗ്രസ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ചാര കേസ് അന്വേഷണ നടപടികളിലും വിചാരണയിലും രക്തസാക്ഷി പരിവേഷമുള്ള നമ്പി നാരായണനെ മത്സരിപ്പിക്കുന്നത് ഗുണം ചെയ്യുമെന്ന് ഇടതുമുന്നണി കരുതുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ മത്സരിപ്പിക്കാന്‍ ഇടതുമുന്നണി ആലോചിക്കുന്നതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. വിജയസാധ്യതയുള്ള പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയെ തേടുന്നതിന്റെ ഭാഗമായാണ് നമ്പി നാരായണനെ മത്സരിപ്പിക്കുന്നതിനെ പറ്റി ആലോചിക്കുന്നത്. സിപിഎം – സിപിഐ ചര്‍ച്ചയിലാണ് ഈ അഭിപ്രായമുയര്‍ന്നത് എന്നാണ് മനോരമ പറയുന്നത്. ഐഎസ്ആര്‍ഒ ചാര കേസില്‍ അന്യായമായ കസ്റ്റഡി, ജയില്‍ പീഡനങ്ങള്‍ക്കും വിചാരണയ്ക്കും ഇരയായ നമ്പി നാരാണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. സര്‍ക്കാര്‍ ഈ തുക പൊതുചടങ്ങ് സംഘടിപ്പിച്ച് കൈമാറിയതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ട് എന്നാണ് വിലയിരുത്തല്‍.

കോണ്‍ഗ്രസ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ചാര കേസ് അന്വേഷണ നടപടികളിലും വിചാരണയിലും രക്തസാക്ഷി പരിവേഷമുള്ള നമ്പി നാരായണനെ മത്സരിപ്പിക്കുന്നത് ഗുണം ചെയ്യുമെന്ന് ഇടതുമുന്നണി കരുതുന്നു. കൂടാതെ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബെന്നറ്റ് എബ്രഹാമിനെ മത്സരിപ്പിച്ചുണ്ടാക്കിയ പേയ്‌മെന്റ് സീറ്റ് വിവാദവും ഇതിന്റെ ചീത്തപ്പേരും മായ്ച്ചുകളയാന്‍ പറ്റിയ സ്ഥാനാര്‍ത്ഥിയെയാണ് സിപിഐ തേടുന്നത്. ഈ സാഹചര്യത്തിലാണ് നമ്പി നാരായണന്റെ പേര് വന്നത്. അതേസമയം അനൗപചാരികമായി ഇടതുനേതാക്കള്‍ ഇക്കാര്യം നമ്പി നാരായണനോട് സൂചിപ്പിച്ചെങ്കിലും അദ്ദേഹം സമ്മതിച്ചിട്ടില്ല എന്നാണ് മനോരമ പറയുന്നത്.

This post was last modified on October 13, 2018 8:42 am