X

എം സുകുമാരന്‍ അന്തരിച്ചു

ദീര്‍ഘകാലമായി പൊതു വേദികളില്‍ നിന്നും എഴുത്തില്‍ നിന്നും അകന്നിരിക്കുകയായിരുന്നു എം സുകുമാരന്‍

പ്രശസ്ത സാഹിത്യകാരന്‍ എം സുകുമാരന്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. അര്‍ബുദബാധയെത്തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു.

1974ല്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇന്ത്യന്‍ പ്രസിഡണ്ട് നേരിട്ടു ഡിസ്മിസ് ചെയ്ത നേതാക്കളില്‍ ഒരാളായ എം സുകുമാരനെ പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അപചയം അവതരിപ്പിക്കുന്ന ശേഷക്രിയ എന്ന നോവല്‍ എഴുതിയതിന് സിപിഎമ്മില്‍ നിന്നും പുറത്താക്കി. ദീര്‍ഘകാലമായി പൊതു വേദികളില്‍ നിന്നും എഴുത്തില്‍ നിന്നും അകന്നിരിക്കുകയായിരുന്നു സുകുമാരന്‍.

1943-ൽ നാരായണ മന്നാടിയാരുടെയും മീനാക്ഷിയമ്മയുടെയും മകനായി പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലാണ് എം സുകുമാരന്‍ ജനിച്ചത്. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയായതോടെ പഠനം അവസാനിച്ചു. കുറച്ചുകാലം ഒരു ഷുഗർ ഫാക്ടറിയിലും ആറുമാസം ഒരു സ്വകാര്യ വിദ്യാലയത്തിൽ പ്രൈമറി വിഭാഗം ടീച്ചറായും ജോലി ചെയ്തു. 1963-ൽ തിരുവനന്തപുരത്ത് അക്കൗന്റ് ജനറൽ ഓഫീസിൽ ക്ലാര്‍ക്കായി ജോലിക്കു കയറി.

1965 മുതല്‍ എം സുകുമാരന്‍ എഴുത്തിന്റെ രംഗത്തുണ്ട്. മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍, ശേഷക്രിയ, ജനിതകം, പിതൃതര്‍പ്പണം, ചുവന്ന ചിഹ്നങ്ങള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. കമ്യൂണിസ്റ്റ് രാഷ്ട്രീയം പ്രമേയമായി വരുന്ന സുകുമാരന്റെ മിക്ക രചനകളും 70കളുടെ ക്ഷുഭിത യൌവ്വനത്തിന്റെ പ്രത്യാശയും അന്തസംഘര്‍ശങ്ങളും ആവിഷ്ക്കരിച്ച രചനകള്‍ ആയിരുന്നു. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞ ഇന്ന് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ നേരിടുന്ന അപചയം തന്റെ കഥകളിലൂടെ പ്രവാചകനെ പോലെ പറഞ്ഞുവെച്ച എഴുത്തുകാരനായിരുന്നു എം സുകുമാരന്‍.

മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍ക്ക് 1976ലും കനിതകത്തിന് 1997ലും കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. ചുവന്ന ചിഹ്നങ്ങള്‍ക്ക് 2000ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടി. 2004ല്‍ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരവും ലഭിച്ചു.

ശേഷക്രിയയും പിതൃതര്‍പ്പണവും ചലച്ചിത്രങ്ങളായി. 1981 ലെ മികച്ച കഥയ്ക്കുള്ള ചലചിത്ര പുരസ്കാരം ശേഷക്രിയ നേടി. രാജീവ് വിജയരാഘവന്‍ സംവിധാനം പിതൃതര്‍പ്പണത്തെ അടിസ്ഥാനമാക്കി സംവിധാനം ചെയ്ത മാര്‍ഗ്ഗത്തിന് 2003നു മികച്ച കഥാ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡുമ് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഫിപ്രെസ്കി പുരസ്കാരവും ലഭിച്ചു. തിത്തുണ്ണി എന്ന കഥ കഴകം എന്ന പേരില്‍ എം പി സുകുമാരന്‍ നായര്‍ ചലച്ചിത്രമാക്കി. 1996ല്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് കഴകത്തിന് ലഭിച്ചു. സംഘഗാനം, ഉണർത്തുപാട്ട് എന്നീ കഥകളും ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്.

1982ല്‍ എഴുത്തവസാനിപ്പിച്ച എം സുകുമാര്‍ 1992ല്‍ വീണ്ടും എഴുത്തിന്റെ രംഗത്തേക്ക് തിരിച്ചുവന്നു. പിന്നീട് 94നു ശേഷവും അദ്ദേഹം നിശബ്ദനായി. പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നതിലും പ്രസിദ്ധീകരണങ്ങളില്‍ അഭിമുഖം അടക്കം പ്രസിദ്ധീകരിക്കുന്നതിലും വിമുഖനായിരുന്നു.

മീനാക്ഷിയാണ് ഭാര്യ. കഥാകാരി രജനി മന്നാഡിയാര്‍ മകളാണ്.

This post was last modified on March 17, 2018 11:27 am