നിയമസഭ തിരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ കളക്ഷന്‍ സെന്ററിലെത്തിയത് രണ്ട് ദിവസം കഴിഞ്ഞെന്ന് പരാതി. വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടത്തിയതായി കോണ്‍ഗ്രസ് ആരോപിക്കുന്നു. പോളിംഗ് പൂര്‍ത്തിയായ ശേഷം ഇവിഎമ്മുകള്‍ ഖുറെയിലെ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിംഗിന്റെ മണ്ഡലമാണിത്. കോണ്‍ഗ്രസിന്റെ അരുണോദയ് ചൗബേ ആയിരുന്നു ഇത്തവണ എതിര്‍ സ്ഥാനാര്‍ത്ഥി. കളക്ഷന്‍ സെന്ററിലേയ്ക്ക് കൊണ്ടുവരുന്നതിന് മുമ്പായി വോട്ടിംഗ് മെഷീനുകള്‍ ഭൂപേന്ദ്ര സിംഗിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ കൊണ്ടുപോയതായി കോണ്‍ഗ്രസ് ആരോപിക്കുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് സാഗറിലെ കളക്ഷന്‍ സെന്ററിന് മുമ്പില്‍ നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി.
മധ്യപ്രദേശില്‍ ജനവിധി അട്ടിമറിക്കാനുള്ള ശ്രമമാണ് ഇവിഎം ക്രമക്കേടിലൂടെ ബിജെപി നടത്തുന്നത് എന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രജിസ്‌ട്രേന്‍ നമ്പറില്ലാത്ത ബസിലാണ് 48 മണിക്കൂറിന് ശേഷം ഇവിഎമ്മുകള്‍ എത്തിച്ചത്. ഇത് വിജയം ഉറപ്പാക്കാനുള്ള ബിജെപിയുടെ ഗൂഢാലോചനയാണോ? – മധ്യപ്രദേശ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. അതേസമയം ഈ ഇവിഎമ്മുകള്‍ വോട്ടിംഗിന് ഉപയോഗിച്ചിട്ടില്ല എന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വിശദീകരണം. സാങ്കേതിക തകരാറുകള്‍ വന്നാല്‍ പകരം ഉപയോഗിക്കാനായാണ് ഈ ഇവിഎമ്മുകള്‍ കൊണ്ടുപോയത്. അത്തരത്തില്‍ 34 ഇവിഎമ്മുകള്‍ റിസര്‍വ് ആയി കരുതിയിരുന്നു. ഇതാണ് പൊലീസ് സ്റ്റേഷനുകളിലെത്തിച്ചത്. വോട്ടെടുപ്പ് നടത്തിയ ഇവിഎമ്മുകള്‍ക്കൊപ്പമല്ല ഇവ സൂക്ഷിച്ചത്. സ്‌ട്രോംഗ് റൂമിലുള്ള ഇവിഎമ്മുകള്‍ തുറന്നിട്ടില്ല. ഓരോ ഇവിഎമ്മുകള്‍ക്കും യുണീക് നമ്പര്‍ കോഡുകളുണ്ട്. പോളിംഗ് ഇവിഎമ്മുകളുടെയും റിസര്‍വര്‍ഡ് ഇവിഎമ്മുകളുടേയും നമ്പറുകള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നല്‍കിയിട്ടുണ്ട്. ഇത് അവര്‍ പരിശോധിച്ചതാണ് – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറയുന്നു.
പോളിംഗ് പൂര്‍ത്തിയായാല്‍ ഉടന്‍ ഇവിഎമ്മുകള്‍ സീല്‍ ചെയ്ത് കളക്ഷന്‍ സെന്ററിലേയ്ക്ക് കൊണ്ടുപോവുകയാണ് ചെയ്യുന്നത്. ഇവിഎമ്മുകള്‍ കളക്ഷന്‍ സെന്ററിലേയ്ക്ക് കൊണ്ടുപോകുന്നതടക്കമുള്ള കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലയാണെന്നും ഇതില്‍ ഒന്നും പറയാനില്ലെന്നുമാണ് ബിജെപിയുടെ പ്രതികരണം. 2013നേക്കാള്‍ കൂടിയ പോളിംഗ് ആണ് (74.6) ഇത്തവണ മധ്യപ്രദേശില്‍ രേഖപ്പെടുത്തിയത്. കോണ്‍ഗ്രസ് ബിജെപിയെ പുറത്താക്കി അധികാരത്തിലെത്തുമെന്നാണ് ഇത്തവണ പല സര്‍വേകളും പ്രവചിച്ചിരിക്കുന്നത്. ചില സര്‍വേകള്‍ ബിജെപി അധികാരം നിലനിര്‍ത്തുമെന്നും പ്രവചിച്ചിരുന്നു. ഡിസംബര്‍ 11ന് മധ്യപ്രദേശ് അടക്കം നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും.
This post was last modified on December 1, 2018 3:38 pm
Leave a Comment