X

അജ്മീര്‍ സ്‌ഫോടന കേസ്: മലയാളിയായ സുരേഷ് നായര്‍ അറസ്റ്റില്‍

സ്‌ഫോടന സാമഗ്രികള്‍ നല്‍കി എന്ന കുറ്റം ആരോപിച്ചാണ് അറസ്റ്റ്.

അജ്മീര്‍ സ്‌ഫോടന കേസില്‍ മലയാളിയായ സുരേഷ് നായര്‍ അറസ്റ്റില്‍. ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ആണ് കോഴിക്കോട് സ്വദേശിയായ
സുരേഷ് നായരെ അറസ്റ്റ് ചെയ്തത്. സ്‌ഫോടന സാമഗ്രികള്‍ നല്‍കി എന്ന കുറ്റം ആരോപിച്ചാണ് അറസ്റ്റ്. 2010 ഒക്ടോബറില്‍ എടിഎസ് കുറ്റപത്രം സമര്‍പ്പിച്ച കേസ് 2011ലാണ് എന്‍ഐഎ ഏറ്റെടുത്തത്. സ്‌ഫോടനത്തിനായി സമഗ്രികള്‍ ഇയാള്‍ എത്തിച്ചിരുന്നുവെന്ന് ഗുജറാത്ത് എടിഎസ് കണ്ടെത്തി. സുരേഷ് നായരെ കണ്ടുപിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് എന്‍ഐഎ രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കേസില്‍ ഒളിവിലായിരുന്ന മൂന്ന് പേരില്‍ ഒരാളാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. സന്ദീപ് ഡാങ്കെ, രാമചന്ദ്ര എന്നിവരാണ് മറ്റ് രണ്ട് പേര്‍.

2007 ഒക്ടോബര്‍ 11ന് റംസാന്‍ മാസത്തില്‍ നോമ്പുതുറ സമയത്ത് രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗയില്‍ നടന്ന സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തിന് പിന്നിലെ ഗൂഢാലോചനയില്‍ ആര്‍എസ്എസ് നേതാവ് അസീമാനന്ദ് പങ്കാളിയാണെന്ന് നേരത്തേ എന്‍ഐഎ കണ്ടെത്തിയിരുന്നു. ആര്‍എസ്എസ് നേതാക്കളായ അസീമാനന്ദും സുനില്‍ ജോഷിയുമാണ് സ്‌ഫോടനം ആസൂത്രണം ചെയ്തതെന്നും തന്നെക്കൊണ്ട് ചെയ്യിച്ചതാണെന്നും കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രധാന പ്രതികളിലൊരാളായ ദേവേന്ദ്ര ഗുപ്ത, എന്‍ഐഎയ്ക്ക് മൊഴി നല്‍കിയിരുന്നു. എന്നാല്‍ കൃത്യമായി തെളിവുകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടതായി കാണിച്ച് അസീമാനന്ദിനെ പ്രത്യേക എന്‍ഐഎ കോടതി വെറുതെ വിടുകയായിരുന്നു.

അജ്മീര്‍ ദര്‍ഗ സ്ഫോടനം: രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

This post was last modified on November 25, 2018 7:20 pm