X

ജിഗ്നേഷ് മേവാനിയുടെ പരിപാടിയ്ക്ക് അനുമതിയില്ല, പ്രിന്‍സിപ്പാളും വൈസ് പ്രിന്‍സിപ്പാളും രാജി വച്ചു

ബിജെപി ഗുണ്ടകളുടെ ഭീഷണി മൂലമാണ് പരിപാടി റദ്ദാക്കിയത് എന്ന് ജിഗ്നേഷ് മേവാനി ട്വിറ്ററില്‍ ആരോപിച്ചു.

ഗുജറാത്തിലെ വാദ്ഗാം എംഎല്‍എയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനിയുടെ പരിപാടിക്ക് അഹമ്മദാബാദിലെ എച്ച്‌കെ ആര്‍ട്‌സ് കോളേജ് അധികൃതര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പാളും വൈസ് പ്രിന്‍സിപ്പാളും രാജി വച്ചു. പ്രിന്‍സിപ്പാള്‍ ഹേമന്ത് കുമാര്‍ ഷായും വൈസ് പ്രിന്‍സിപ്പാള്‍ മോഹന്‍ഭായ് പാര്‍മറും കോളേജ് മാനേജ്‌മെന്റ് ആയ ബ്രഹ്മചാരി വാദി ട്രസ്റ്റിന് രാജി നല്‍കി. ഹേമന്ത് ഷാ 15 വര്‍ഷമായും പാര്‍മര്‍ 10 വര്‍ഷമായും കോളേജില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇരുവരും എക്കണോമിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപകരാണ്.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഓഡിറ്റോറിയം ഈ പരിപാടിക്ക് വിട്ടുനല്‍കാനാവില്ല എന്നാണ് എന്നാണ് മാനേജ്‌മെന്റ് അറിയിച്ചത്. എന്താണ് ആ രാഷ്ട്രീയ സാചര്യം – ഹേമന്ത് ഷാ ചോദിച്ചു. ഇത് അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമാണെന്നും ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടേയും അവരുടെ വിദ്യാര്‍ത്ഥി സംഘടനയുടേയും താല്‍പര്യപ്രകാരമുള്ള തീരുമാനമാണെന്നും ഹേമന്ത് ഷാ രാജിക്കത്തില്‍ പറയുന്നു. ഇവരുടെ ഭീഷണിയേയും സമ്മര്‍ദ്ദത്തേയും തുടര്‍ന്നാണ് ഈ തീരുമാനമെന്ന് ഷാ ആരോപിക്കുന്നു.

കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയായ മേവാനിയെ മുഖ്യാതിഥിയായാണ് പരിപാടിക്ക് ക്ഷണിച്ചിരുന്നത്. അംബേദ്കറുടെ ജീവിതവും ദൗത്യവും എന്ന വിഷയത്തില്‍ സംസാരിക്കാനാണ് മേവാനിയെ ക്ഷണിച്ചിരുന്നത്. ബിജെപി ഗുണ്ടകളുടെ ഭീഷണി മൂലമാണ് പരിപാടി റദ്ദാക്കിയത് എന്ന് ജിഗ്നേഷ് മേവാനി ട്വിറ്ററില്‍ ആരോപിച്ചു.

പ്രമുഖ ആര്‍ക്കിടെക്ടും പദ്മശ്രീ പുരസ്‌കാര ജേതാവുമായ ബാലകൃഷ്ണ ദോഷി അടക്കമുള്ളവരാണ് മാനേജ്‌മെന്റ് ട്രസ്റ്റികള്‍. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും പദ്മശ്രീ പുരസ്‌കാര ജേതാവുമായ കുമാര്‍പാല്‍ ദേശായ്, ജ്ഞാനപീഡ ജേതാവായ എഴുത്തുകാരന്‍ രഘുവീര്‍ ചൗധരിയും അടക്കമുള്ളവര്‍ ട്രസ്റ്റികളാണ്.

This post was last modified on February 12, 2019 8:38 am