X

മഞ്ചേശ്വരം എംഎല്‍എ പിബി അബ്ദുള്‍ റസാഖ് അന്തരിച്ചു

2011ലും 2016ലും മഞ്ചേശ്വരത്ത് നിന്ന് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

മഞ്ചേശ്വരം എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ പിബി അബ്ദുള്‍ റസാഖ് (63) അന്തരിച്ചു. കാസര്‍ഗോഡെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. 2011ലും 2016ലും മഞ്ചേശ്വരത്ത് നിന്ന് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1967ല്‍ മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തകനായാണ് സംഘടനാ രംഗത്തേയ്ക്ക് വന്നത്. നിലവില്‍ ഐയുഎംഎല്‍ (ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്) ദേശീയ എക്‌സിക്യൂട്ട് അംഗമാണ്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെ 89 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അബ്ദുള്‍ റസാഖ് തോല്‍പ്പിച്ചത്. കള്ളവോട്ട് നടന്നെന്നും തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്നും ആവശ്യപ്പെട്ട് കെ സുരേന്ദ്രന്‍ കോടതിയെ സമീപിച്ചിരുന്നു. അബ്ദുല്‍ റസാഖിന്റെ നിര്യാണം മഞ്ചേശ്വരം മണ്ഡലത്തില്‍ ആറ് മാസത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പ് അനിവാര്യമാക്കിയിരിക്കുകയാണ്.

എഴ് വര്‍ഷം ചെങ്കള പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കാസര്‍ഗോഡ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, കേരള റൂറല്‍ വെല്‍ഫയര്‍ ഡെവലപ്‌മെന്റ് സൊസൈറ്റി ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് വൈകീട്ട് ആലമ്പാടി ജുമ മസ്ജിദില്‍ നടക്കും. ഭാര്യ സഫിയ. മക്കള്‍ ഷഫീഖ്, സൈറ, ഷൈല, ഷൈമ.

This post was last modified on October 20, 2018 8:04 am