X

ത്രിപുരയില്‍ മണിക് സര്‍ക്കാരിനെ ആക്രമിച്ചു; ബിജെപിയുടെ ഫാഷിസ്റ്റ് ആക്രമണമെന്ന് സിപിഎം

ബിശാല്‍ഗഡിലെ സിപിഎം ഓഫീസില്‍ ഒക്ടോബര്‍ വിപ്ലവത്തിന്റെ വാര്‍ഷിക പരിപാടിയില്‍ പങ്കെടുത്ത് അഗര്‍ത്തലയിലേയ്ക്ക് മടങ്ങവേയാണ് ആക്രമണമുണ്ടായത്.

ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരിനും മുതിര്‍ന്ന സിപിഎം നേതാക്കള്‍ക്കും നേരെ ആക്രമണം. ഇന്നലെ വൈകീട്ട് അഗര്‍ത്തലയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ സിപാഹിജാല ജില്ലയില്‍ രാസ്തര്‍മാത എന്ന പ്രദേശത്താണ് ഇവര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ബിശാല്‍ഗഡിലെ സിപിഎം ഓഫീസില്‍ ഒക്ടോബര്‍ വിപ്ലവത്തിന്റെ വാര്‍ഷിക പരിപാടിയില്‍ പങ്കെടുത്ത് അഗര്‍ത്തലയിലേയ്ക്ക് മടങ്ങവേയാണ് ആക്രമണമുണ്ടായത്.

ഇത് ജനാധിപത്യ വിരുദ്ധവും ഫാഷിസവുമാണെന്ന് സിപിഎം പ്രതികരിച്ചു. മുന്‍ ധന മന്ത്രി ഭാനുലാല്‍ സാഹ, സോനാമുര എംഎല്‍എ ശ്യാംലാല്‍ ചക്രബര്‍ത്തി, മുന്‍ ന്യൂനപക്ഷ ക്ഷേമ മന്ത്രി സാഹിദ് ചൗധരി, കമലാസാഗര്‍ എംഎല്‍എ നാരായണ്‍ ചൗധരി എന്നിവര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇവരെ പൊലീസ് എത്തി അഗര്‍ത്തലയിലേയ്ക്ക് കൊണ്ടുവരുകയായിരുന്നു. ബിജെപി പിന്തുണയുള്ള ഒരു സംഘം ഗുണ്ടകളാണ് ആക്രമണം നടത്തിയത് എന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിക്കുന്നത്.

അതേസമയം ആക്രമണത്തെ പറ്റി ഒന്നുമറിയില്ലെന്ന് ബിജെപി വക്താവ് ഡോ.അശോക് സിന്‍ഹ പറഞ്ഞു. മണിക് സര്‍ക്കാര്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ക്കെതിരായ ആക്രമണം അംഗീകരിക്കാനാവില്ലെന്നും അശോക് സിന്‍ഹ പറഞ്ഞു. ഇത് ദുഖകരമാണ്. ഇത്തരത്തില്‍ ഒരു സംഭവമുണ്ടായിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ സംഭവം എന്താണ് എന്ന് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ഇത് ജനാധിപത്യത്തെ തകര്‍ക്കുന്ന നടപടിയാണ്. ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കണം – ബിജെപി നേതാവ് പറഞ്ഞു. ആക്രമണത്തെ അപലപിച്ച് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് തപന്‍ ദാസും രംഗത്തെത്തി. പ്രതിപക്ഷത്തെ ഒരു തരത്തിലും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപിയുടെ നിലപാടാണ് ഈ ആക്രമണം വ്യക്തമാക്കുന്നതെന്ന് തപന്‍ ദാസ് അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച ദക്ഷിണ ത്രിപുര ജില്ല പരിഷദ് അധ്യക്ഷനും മുതിര്‍ന്ന സിപിഎം നേതാവുമായ ഹിമാംഗ്ഷു റോയിയ്‌ക്കെതിരെ ബെലോണിയയില്‍ നടന്ന ആക്രമണത്തില്‍ 10 പൊലീസുകാരടക്കം 28 പേര്‍ക്കെതിരെ ആക്രമണമുണ്ടായിരുന്നു.

മണിക് സര്‍ക്കാര്‍ ബംഗ്ലാദേശിലേക്ക് പോകണോ? ത്രിപുരയില്‍ ജയിക്കാന്‍ സംഘപരിവാര്‍ കളിച്ച കളികള്‍

ത്രിപുരയില്‍ തന്നെയുണ്ടാകും; ഇനിയും ജനങ്ങള്‍ക്കൊപ്പം തന്നെ; ബിജെപിയോട് മണിക് സര്‍ക്കാര്‍

ഫാഷിസത്തെ തടയാന്‍ ഒരു മണിക് സര്‍ക്കാര്‍ മാത്രം പോര; ത്രിപുര ഇന്ത്യന്‍ ഇടതുപക്ഷത്തിന് മുന്നില്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

This post was last modified on November 17, 2018 4:57 pm