X

നാഗ്പൂരില്‍ ബീഫ് കൈവശം വച്ചെന്ന് പറഞ്ഞ് യുവാവിനെ മര്‍ദ്ദിച്ചു; ബിജെപി നേതാവ് അടക്കം നാല് പേര്‍ അറസ്റ്റില്‍

ഇറച്ചി പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. അക്രമികള്‍ ഗോരക്ഷകരാണോ എന്ന കാര്യം അന്വേഷിച്ചുവരുകയാണെന്നും പൊലീസ് പറഞ്ഞു.

ബീഫ് കൈവശം വച്ചുവെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയില്‍ യുവാവിന് മര്‍ദ്ദനം. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നാഗ്പൂര്‍ ജില്ലയിലെ കടോല്‍ സ്വദേശിയായ സലീം ഇസ്മായില്‍ ഷേയ്ഖിനാണ് (31) മര്‍ദ്ദനമേറ്റത്. ബൈക്കില്‍ വീട്ടിലേയ്ക്ക് മടങ്ങുംവഴി അഞ്ച്, ആറ് പേരടങ്ങുന്ന സംഘം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. ബൈക്കില്‍ വച്ചിരുന്ന കവറിലുണ്ടായിരുന്ന ഇറച്ചി തുറന്ന് കാണിക്കാന്‍ അക്രമികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് വിസമ്മതിച്ചതോടെ ഇസ്മായിലിനെ സംഘം മര്‍ദ്ദിച്ചു. മുഖത്തും കഴുത്തിനും പരിക്കേറ്റു.

അശ്വിന്‍ ഉയ്‌കെ (35), രാമേശ്വര്‍ തയ്‌വാഡെ (42), മൊരേശ്വര്‍ തന്ദൂര്‍കര്‍ (36), ജഗദീഷ് ചൗധരി (25) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. മാരകയാധുങ്ങള്‍ കൊണ്ട് മനപൂര്‍വം ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ അടക്കമുള്ള കുറ്റങ്ങളില്‍ ഐപിസി 326, 34 സെക്ഷനുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇറച്ചി പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. അക്രമികള്‍ ഗോരക്ഷകരാണോ എന്ന കാര്യം അന്വേഷിച്ചുവരുകയാണെന്നും പൊലീസ് പറഞ്ഞു.

മോറേശ്വര്‍ തണ്ടുല്‍ക്കര്‍ ബിജെപിയുടെ പ്രാദേശിക സംഘടനയായ പ്രഹാര്‍സംഘടനിന്റെ തെഹ്‌സില്‍ മേധാവിയാണ്. അചല്‍പുരില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എയായ ബച്ചു കഡു രൂപീകരിച്ച സംഘടനയാണ് ഇത്. അതേസമയം മറ്റ് മൂന്ന് പേര്‍ക്കും ബിജെപിയുമായോ പോഷക സംഘടനകളുമായോ യാതൊരു ബന്ധവുമില്ലെന്ന് താക്കൂര്‍ സ്ഥിരീകരിച്ചു. ഇറച്ചിയുടെ സാമ്പിളുകള്‍ ഫോറന്‍സിക് ലാബില്‍ അയച്ചിട്ടുണ്ടെന്നും ബീഫ് ആണോയെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഷായ്‌ക്കെതിരെ കേസുകളൊന്നും എടുത്തിട്ടില്ല.

കതോളില്‍ നടക്കുന്ന സാമുദായിക ചടങ്ങിലേക്കാണ് ഷാ ഇറച്ചി കൊണ്ടുപോയത്. ഇയാളെ നാലംഗ സംഘം ബൈക്കില്‍ നിന്നും വലിച്ചിഴച്ച് നിലത്തിട്ട് ചവിട്ടുന്നതിന്റെ വീഡിയോ സമൂഹ മാധ്യമത്തില്‍ വൈറല്‍ ആയിരിക്കുകയാണ്. ബീഫിന്റെ പേരില്‍ ജനക്കൂട്ടം നിയമം കയ്യിലെടുക്കുന്ന സംഭവങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് ഇത്. ജുനൈദ് ഖാന്‍ എന്ന 15കാരനെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയത് വന്‍തോതിലുള്ള പ്രതിഷേധമാണ് സൃഷ്ടിച്ചത്.

This post was last modified on July 14, 2017 1:02 pm