X

കടലില്‍ മുക്കുമെന്ന ഭീഷണിക്ക് പിന്നാലെ ജപ്പാന് മുകളില്‍ ഉത്തരകൊറിയന്‍ മിസൈല്‍; വച്ചുപൊറുപ്പിക്കില്ലെന്ന് ജപ്പാന്‍

കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ജാപ്പനീസ് പ്രദേശത്തിന് മുകളിലൂടെ ഉത്തരകൊറിയ മിസൈല്‍ വിടുന്നത്.

ഇന്ന് രാവിലെ ജാപ്പനീസ് ദ്വീപായ ഹൊക്കൈഡോയ്ക്ക് മുകളിലൂടെ ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചു. കഴിഞ്ഞ ദിവസം ജപ്പാനെ കടലില്‍ മുക്കുമെന്ന് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് മിസൈല്‍ വിട്ടിരിക്കുന്നത്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ജാപ്പനീസ് പ്രദേശത്തിന് മുകളിലൂടെ ഉത്തരകൊറിയ മിസൈല്‍ വിടുന്നത്. 17 മിനുട്ടോളം സഞ്ചരിച്ച് പസിഫിക് സമുദ്രത്തില്‍ താഴ്ന്നു.

മിസൈല്‍ പ്രത്യക്ഷപ്പെട്ട ഉടന്‍ ജപ്പാന്‍ അധികൃതര്‍ ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിരുന്നു. ഉത്തരകൊറിയന്‍ നടപടിയെ അപലപിച്ച ജാപ്പനീസ് ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിഹിദെ സൂഗ ഇത്തരം നടപടികള്‍ ഒരു തരത്തിലും വച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കി. ഏത് സാഹചര്യവും നേരിടാന്‍ സജ്ജരായിരിക്കണമെന്ന് പ്രധാനമന്ത്രി ഷിന്‍സോ അബെ ആവശ്യപ്പെട്ടു. അതേസമയം മിസൈല്‍ വെടിവച്ചിടാന്‍ ജപ്പാന്‍ ശ്രമിച്ചില്ല. സെപ്റ്റംബര്‍ മൂന്നിന് ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചതിന് ശേഷമുള്ള ഉത്തരകൊറിയയുടെ ആദ്യ മിസൈല്‍ വിക്ഷേപണമാണിത്. ഓഗസ്റ്റ് 29ന് ഉത്തരകൊറിയ നടത്തിയ മിസൈല്‍ പരീക്ഷണത്തെ തുടര്‍ന്ന് യുഎന്‍ രക്ഷാസമിതി ഉപരോധം കടുപ്പിച്ചിരുന്നു.