X

തിരഞ്ഞെടുപ്പ് ഫലം വൈകിയാലും കുഴപ്പമില്ല, 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന നിലപാടിലുറച്ച് പ്രതിപക്ഷം

രാജ്യത്താകെ 13.5 ലക്ഷം ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകള്‍ (ഇവിഎം) ആണുള്ളത്. ഇതിന്റെ പകുതിയുടെ വിവിപാറ്റ് സ്ലീപ്പുകള്‍ എണ്ണണം എന്നാണ് ആവശ്യം.

ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം വൈകിയാലും കുഴപ്പമില്ല, 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകളെങ്കിലും എണ്ണണമെന്ന നിലപാടില്‍ ഉറച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. നാളെ സുപ്രീം കോടതി വിവിപാറ്റ് (വോട്ടര്‍ വെരിഫയബിള്‍ ഓഡിറ്റ് ട്രെയില്‍) സംബന്ധിച്ച് തീരുമാനം പറയാനിരിക്കുകയാണ്. ഇലക്ട്രോണിംഗ് വോട്ടിംഗ് മെഷിനുകളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് പരാതികള്‍ വ്യാപകമായതിനാല്‍ വിശ്വാസ്യത ഉറപ്പ് വരുത്തുന്നതിനായി സ്ലിപ്പുകള്‍ എണ്ണണം എന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്. രാജ്യത്താകെ 13.5 ലക്ഷം ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകള്‍ (ഇവിഎം) ആണുള്ളത്. ഇതിന്റെ പകുതിയുടെ വിവിപാറ്റ് സ്ലീപ്പുകള്‍ എണ്ണണം എന്നാണ് ആവശ്യം.

ഇന്നലെ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ് മൂലത്തിന് മറുപടിയായി ഇക്കാര്യം കോടതിയെ അറിയിച്ചിരുന്നു. 21 ദേശീയ, പ്രാദേശിക പാര്‍ട്ടികളുടെ നേതാക്കളാണ് കോടതിയെ ഇക്കാര്യം അറിയിച്ചത്. വിവിപാറ്റ് എണ്ണുകയാണെങ്കില്‍ കുറഞ്ഞത് ആറ് ദിവസമെങ്കിലും ഫലം വരാന്‍ വൈകുമെന്നാണ് സത്യവാങ്മൂലത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നത്. (ശരദ് പവാര്‍ (എന്‍സിപി), ചന്ദ്രബാബു നായിഡു (ടിഡിപി), അരവിന്ദ് കെജ്രിവാള്‍ (ആം ആദ്മി പാര്‍ട്ടി), കെസി വേണുഗോപാല്‍ (കോണ്‍ഗ്രസ്), അഖിലേഷ് യാദവ് (സമാജ് വാദി പാര്‍ട്ടി) ഫാറൂഖ് അബ്ദുള്ള (നാഷണല്‍ കോണ്‍ഫറന്‍സ്), ഡെറിക് ഓബ്രിയന്‍ (തൃണമൂല്‍ കോണ്‍ഗ്രസ്), ശരദ് യാദവ് (ലോക് താന്ത്രിക് ജനതാദള്‍, അജിത് സിംഗ് (ആര്‍എല്‍ഡി) ഡാനിഷ് അലി (ബി എസ് പി), മനോജ് ഝാ (ആര്‍ജെഡി) എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

വോട്ടിംഗ് മെഷീനുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഐഎസ്‌ഐ) നടത്തിയ പഠനത്തില്‍ പ്രതിപക്ഷം അതൃപ്തി അറിയിച്ചു. 479 ഇവിഎമ്മുകളുടെ വിവിപാറ്റ് ആണ് പരിശോധിച്ചത്. വോട്ടിംഗ് യന്ത്രങ്ങള്‍ 99.99 ശതമാനം കൃത്യതയുള്ളവയാണ് എന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. 543 മണ്ഡലങ്ങളില്‍ ആറാഴ്ചയിലധികം സമയത്തില്‍ പൂര്‍ത്തിയാകുന്ന തിരഞ്ഞെടുപ്പിനെ ഒറ്റയടിക്ക് നടക്കുന്ന ഒരു പ്രക്രിയയായി കണ്ടാണ് ഇത്തരത്തില്‍ 479 സാമ്പിളുകളെടുത്തത് എന്ന് പ്രതിപക്ഷം പറയുന്നു.

This post was last modified on April 7, 2019 7:28 pm