X

അഭിമന്യു വധക്കേസിലെ മുഖ്യപ്രതി മുഹമ്മദ് സൈബർ സഖാവെന്ന മനോരമ വാര്‍ത്ത നെറികെട്ടതെന്ന് പി ജയരാജന്‍

വാര്‍ത്ത എഴുതിയ ലേഖകന്‍ പത്രപ്രവര്‍ത്തകന്‍ തന്നെയണോയെന്നും ജയരാജന്‍

അഭിമന്യു വധക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ജി സൈബർ സഖാവ് ആണെന്ന മനോരമയുടെ തലക്കെട്ടിനെതിരെ സി പി എം നേതാവും, കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ പി ജയരാജൻ.

“മനോരമയുടേത് നെറികെട്ട മാധ്യമപ്രവര്‍ത്തനം ആണ്. അഭിമന്യു വധം, മുഖ്യപ്രതി ‘സൈബര്‍ സഖാവ്’ എന്ന തലക്കെട്ടില്‍ വാര്‍ത്ത നല്‍കിയ മനോരമ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ആ വാര്‍ത്ത എഴുതിയ ലേഖകന്‍ പത്രപ്രവര്‍ത്തകന്‍ തന്നെയണോയെന്ന് ന്യായമായും സംശയിക്കാവുന്നതാണ്. അഭിമന്യുവിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകന്‍ മുഹമ്മദ് സിപിഎമ്മിനെ പരിഹസിച്ച് ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റ് വെച്ചുകൊണ്ടാണ് മനോരമയുടെ തരം താഴ്ന്ന പ്രചാരണം ” തന്റെ ഫെയ്സ്ബുക് കുറിപ്പിൽ പി ജയരാജൻ പറഞ്ഞു.

“ദേശദ്രോഹികളുടെ അവിശുദ്ധ കൂട്ടുകെട്ടിന് മുന്നില്‍ പതറാതെ പോരാടിയ ധീര സംഘപുത്രന്‍ യദിയൂരപ്പ” എന്ന് പറഞ്ഞു ബിജെപി നേതാവ് യദിയൂരപ്പയെ പരിഹസിച്ച് കൊണ്ട് ഒരു പോസ്റ്റ് കൂടെ മുഹമ്മദ് ഇട്ടിട്ടുണ്ട്. അഭിമന്യു വധക്കേസ് പ്രതി ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ എന്ന് ഇനി നാളെ മനോരമ വാര്‍ത്ത കൊടുക്കുമോ എന്നും പി ജയരാജൻ ചോദിച്ചു.

കക്ഷി-രാഷ്ട്രീയ ഭേദമന്യേ എസ്ഡിപിഐ തീവ്രവാദികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരുന്ന സാഹചര്യത്തില്‍ ഇത്തരമൊരു കള്ളവാര്‍ത്ത നല്‍കിയതിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും പി ജയരാജൻ ആരോപിച്ചു. മനോരമയുടെ അധാർമിക മാധ്യമ പ്രവർത്തനത്തിനതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു വരണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വട്ടവടയ്ക്കും മഹാരാജാസിനുമിടയില്‍ അഭിമന്യു താണ്ടിയ ദൂരങ്ങള്‍; നിലച്ചു പോയത് ഒരു നാടാണ്

കാശിനാഥന്‍; അഭിമന്യുവിനു മുന്നേ വട്ടവടയില്‍ രക്തസാക്ഷിയായ കമ്യൂണിസ്റ്റുകാരന്‍

This post was last modified on July 17, 2018 1:58 pm