X

പോലീസിന് മധുവിന്റേത് അസ്വാഭാവിക മരണം; ഗുഹയില്‍ പോയി പിടിച്ചുകൊണ്ടുവന്നവരെ കുറിച്ച് വിവരമില്ല

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആദിവാസി വിഭാഗത്തില്‍പ്പെട്ടവരും ആദിവാസി സംഘടനാ നേതാക്കളുമടക്കം നിരവധി പേര്‍ പ്രതിഷേധ സമരത്തിന് പിന്തുണയറിയിച്ച് എത്തിക്കൊണ്ടിരിക്കുകയാണ്

പോലീസ് എഫ്.ഐ.ആറില്‍ മധുവിന്റേത് അസ്വാഭാവിക മരണം. സംഭവം നടന്ന ദിവസം അഗളി സ്റ്റേഷനിലെ എഎസ്‌ഐ പ്രസാദ് വര്‍ക്കി തയ്യാറാക്കിയ എഫ്‌ഐആറില്‍ സിആര്‍പിസി 174-ാം വകുപ്പ് അനുസരിച്ച് അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നടന്നത് ആള്‍ക്കൂട്ട കൊലപാതകമാണെന്നും പോലീസ് നടപടി അംഗീകരിക്കാനാവില്ലെന്നും പറഞ്ഞുകൊണ്ട് ആദിവാസികളും ആദിവാസി സംഘടനാ പ്രതിനിധികളും അഗളി പോലീസ് സ്‌റ്റേഷന് മുന്നില്‍ കുത്തിയിരുപ്പ് സമരം ആരംഭിച്ചു. മോഷ്ടാവെന്ന് മുദ്രകുത്തി ആദിവാസി യുവാവായ മധുവിനെ ആള്‍ക്കൂട്ടം അടിച്ചുകൊലപ്പെടുത്തിയതിനെതിരെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ രൂപപ്പെട്ടിരിക്കുകയാണ്. എന്നാല്‍ പോലീസ് സംഭവത്തെ അതിന്റേതായ ഗൗരവത്തില്‍ കാണുന്നില്ലെന്ന പരാതിയാണ് പ്രതിഷേധക്കാര്‍ക്കുള്ളത്.

എന്നാല്‍ തന്നെ പോലീസിന് കൈമാറിയവര്‍ തന്നെ മര്‍ദ്ദിച്ചതെന്ന മധുവിന്റെ മരണമൊഴിയും എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മധുവിനെ പോലീസില്‍ ജീപ്പില്‍ കയറ്റിയ ഏഴ് പേരുടെ പേരും വിവരങ്ങളുമാണ് എഫ്‌ഐആറില്‍ ചേര്‍ത്തിരിക്കുന്നത്. പാക്കുളം മേച്ചേരിയില്‍ വീട്ടില്‍ ഹുസൈന്‍, കല്‍ക്കണ്ടി പെരുംപള്ളില്‍ വീട്ടില്‍ മാത്തച്ചന്‍, കല്‍ക്കണ്ടി കിഴക്കേക്കരയില്‍ മനു, പാക്കുളം മേച്ചേരി സില്‍ക്‌സിലെ അബ്ദുറഹ്മാന്‍, മുക്കാലി മുനീര്‍ സ്റ്റോറില്‍ അബ്ദുള്‍ ലത്തീഫ്, മുക്കാലി ചോലയില്‍ വീട്ടില്‍ അബ്ദുള്‍ കരീം, കക്കുപ്പടി എപിടി സ്റ്റാളിലെ എ.പി ഉമ്മര്‍ എന്നിവരുടെ പേരുകളാണ് റിപ്പോര്‍ട്ടിലുള്ളത്.

സംഭവ ദിവസം ഉച്ചയോടെയാണ് നാട്ടുകാര്‍ കാട്ടില്‍ നിന്ന് തന്നെ പിടിച്ചതെന്നും കള്ളനെന്ന് പറഞ്ഞ് അടിക്കുകയും ചവിട്ടുകയും ചെയ്തതായി മധു പറഞ്ഞുവെന്ന് എഫ്‌ഐആര്‍ രേഖപ്പെടുത്തുന്നു. പിന്നീട് ഇടയ്ക്ക് മധു ഛര്‍ദ്ദിക്കണമെന്ന് പറയുകയും അതുകഴിഞ്ഞ് ജീപ്പില്‍ കയറി തളര്‍ന്നുകിടന്ന മധുവിനെ അഗളി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചപ്പോള്‍ ബോധമില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇനിയുമവര്‍ അടിയേറ്റ് ചാകും, വിവേചനം നേരിടും, ഒഴിവാക്കപ്പെടും, ആദിവാസി എന്ന വിളിയാല്‍ അപമാനിക്കപ്പെടും; അവരുടെ ശത്രുക്കള്‍ പ്രബലരാണ്‌

എഫ്‌ഐആറില്‍ പറഞ്ഞ ഏഴ് പേരും പോലീസ് കസ്റ്റഡിയിലുണ്ടെന്ന് പോലീസ് പറയുന്നു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട രണ്ട് പേരെ മാത്രമാണ് പോലീസ് നിലവില്‍ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. മറ്റുള്ളവര്‍ പലരും ഒളിവില്‍ പോയതായും ഇവര്‍ സംശയിക്കുന്നു. “ആദ്യം പോലീസ് സ്‌റ്റേഷന് മുന്നില്‍ ഉപരോധമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ കുത്തിയിരിപ്പ് സമരം തുടങ്ങി. എത്രപ്രതികളുണ്ടെന്നും എത്രപ്രതികളെ പിടികൂടിയെന്നുമുള്‍പ്പെടെ എല്ലാം ചേര്‍ത്തുള്ള ഫൈനല്‍ എഫ്‌ഐആര്‍ ഞങ്ങളുടെ കയ്യില്‍ കിട്ടുന്നത് വരെ സമരം തുടരും. നിലവില്‍ മധുവിനെ ടൗണിലേക്ക് കൊണ്ട് വന്ന് അവിടെവച്ച് മര്‍ദ്ദിച്ചെന്ന് പറയുന്ന രണ്ട് പേരെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഗുഹയില്‍ പോയവരെ ഇതേവരെ പിടികൂടിയിട്ടില്ല. അവരെല്ലാം ഇവിടെ നിന്ന് മുങ്ങിയതായാണ് അറിവ്”, തമ്പ് പ്രവര്‍ത്തകനായ രാമു പറഞ്ഞു.

പോലീസ് വാഹനത്തില്‍ വച്ചാണ് മധു മരിച്ചിരിക്കുന്നതെന്നതിനാല്‍ പ്രാഥമികമായി 174-ാം വകുപ്പ് രജിസ്റ്റര്‍ ചെയ്താണെന്നും കേസ് അന്വേഷണം പുരേഗമിക്കുന്ന സാഹചര്യത്തില്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി വന്നതിന് ശേഷം ഇതില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കാനുള്ള സാഹചര്യമുണ്ടായാല്‍ അത് ചെയ്യുമെന്നും അഗളി പോലീസ് പ്രതികരിച്ചു.

ഇതിനിടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആദിവാസി വിഭാഗത്തില്‍പ്പെട്ടവരും ആദിവാസി സംഘടനാ നേതാക്കളുമടക്കം നിരവധി പേര്‍ പ്രതിഷേധ സമരത്തിന് പിന്തുണയറിയിച്ച് എത്തിക്കൊണ്ടിരിക്കുകയാണ്.

വിശപ്പ് മാറിയ പൊതുജനം വിശപ്പ് മാത്രമുള്ള ആദിവാസിയെ തല്ലിക്കൊല്ലന്നു; ഇതാണ് കേരള വികസനം

അതേ സാര്‍, കേരളമോഡലില്‍ ആ മനുഷ്യരുടെ വിശപ്പിന്റെ കരച്ചിലുണ്ട്, നമ്മുടെ സെല്‍ഫിയും

എവിടെയാണ് നാട്ടുകാരെ നിങ്ങളുടെ നീതിയുടെ പാണ്ടികശാലകള്‍? മോഷ്ടിക്കാനല്ല, കത്തിക്കാനാണ്

അട്ടപ്പാടിയിലേത് വംശഹത്യ: അഴിമുഖം അന്വേഷണം

This post was last modified on February 23, 2018 7:57 pm