പ്രഗ്യ സിംഗ് ഠാക്കൂര്‍ ഭോപ്പാലില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുന്ന സാഹചര്യത്തില്‍ പ്രഗ്യ സിംഗിനെ മത്സരിക്കാന്‍ അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ട് 2006ലെ മാലേഗാവ് സ്‌ഫോടനത്തിലെ ഇരയുടെ പിതാവ് കോടതിയില്‍. പ്രഗ്യ സിംഗിനെതിരായ കേസ് പരിഗണിക്കുന്ന പ്രത്യേക എന്‍ഐഎ കോടതിയെയാണ് സ്‌ഫോടനത്തില്‍ മകനെ നഷ്ടപ്പെട്ട നിസാര്‍ സയിദ് സമീപിച്ചത്. പ്രഗ്യ സിംഗിനെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു. 49 കാരിയായ പ്രഗ്യ മാലേഗാവ് സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് ഒമ്പത് വര്‍ഷം ജയിലില്‍ കഴിഞ്ഞിരുന്നു. ഭോപ്പാലില്‍ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗ് ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. പ്രഗ്യ സിംഗ് ഠാക്കൂറിനെ ലോക്‌സഭ സ്ഥാനാര്‍ത്ഥിയാക്കിയതിന് രൂക്ഷ വിമര്‍ശനമാണ് ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നത്.
2006 സെപ്റ്റംബര്‍ എട്ടിന് മുംബൈയില്‍ നിന്ന് 280 കിലോമീറ്റര്‍ ദൂരത്തുള്ള മാലേഗാവില്‍ നടന്ന സ്‌ഫോടനത്തില്‍ നിസാര്‍ സയിദിന്റെ മകനടക്കം ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രഗ്യ സിംഗുമായി ബന്ധപ്പെട്ട ബൈക്കിലാണ് സ്‌ഫോടക വസ്തു ഘടിപ്പിച്ചിരുന്നത് എന്ന കണ്ടെത്തലില്‍ അവരെ അധികം വൈകാതെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ടില്‍ (എംസിഒസിഎ) നിന്ന് പ്രഗ്യയെ ഒഴിവാക്കിയിരുന്നു. അതേസമയം യുഎപിഎ പ്രഗ്യയുടെ പേരില്‍ ഇപ്പോളും നിലവിലുണ്ട്.
ആരോഗ്യപ്രശ്‌നങ്ങള്‍ പറഞ്ഞാണ് പ്രഗ്യ ജാമ്യം നേടിയത്. ഈ കടുത്ത ചൂടില്‍ അവര്‍ തിഞ്ഞെടുപ്പ് രംഗത്ത് സജീവമാണെങ്കില്‍ അവര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് അര്‍ത്ഥം. നിസാര്‍ സയിദ് പറയുന്നു. പ്രഗ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. പ്രഗ്യ സിംഗ് ഠാക്കൂറിന്റെ നാമനിര്‍ദ്ദേശ പത്രിക റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് തെഹ്‌സീന്‍ പൂനാവാല തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.
കഴിഞ്ഞ 30 വര്‍ഷമായി ബിജെപി മാത്രം ജയിക്കുന്ന സീറ്റാണ് ഭോപ്പാല്‍. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിയാത്ത ഒരു സീറ്റില്‍ മത്സരിക്കാനുള്ള മുഖ്യമന്ത്രി കമല്‍നാഥിന്റെ വെല്ലുവിളി ഏറ്റെടുത്താണ് പാര്‍ട്ടിയിലെ എതിര്‍ ഗ്രൂപ്പുകാരനായ ദിഗ് വിജയ് സിംഗ് ഇവിടെ മത്സരിക്കാന്‍ തീരുമാനിച്ചത്. ദിഗ് വിജയ് സിംഗ് ആര്‍എസ്എസിനോട് മൃദു സമീപനം പുലര്‍ത്തുന്നതായുള്ള വിമര്‍ശനം എതിരാളികള്‍ ഉയര്‍ത്തുന്നുണ്ട്. ഞാന്‍ ഒരു ഹിന്ദു, നിങ്ങള്‍ ഹിന്ദുക്കളുടെ സംഘടന. എന്നോട് നിങ്ങള്‍ എന്തിനാണ് ശത്രുത കാണിക്കുന്നത് എന്നെല്ലാം ദിഗ് വിജയ് സിംഗ് ചോദിച്ചിരുന്നു. പ്രഗ്യ സിംഗ് ഠാക്കൂര്‍ മത്സര രംഗത്തെത്തിയതോടെ വര്‍ഗീയ ധ്രുവീകരണം കൂടുതല്‍ ശക്തമാകും എന്ന സൂചനയാണുള്ളത്. നേരത്തെ മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ ബിജെപി രംഗത്തിറക്കിയേക്കും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണുള്ളത്.
This post was last modified on April 19, 2019 8:51 am
Leave a Comment